തിരുവനന്തപുരം: നഗരത്തിന് ഇനി പൂക്കളുടെ സുഗന്ധം നിറച്ച വർണകാലം. നിറവൈവിദ്ധ്യങ്ങളുടെ കാഴ്ചകളൊരുക്കി തിരുവനന്തപുരത്തിന്റെ പുഷ്പമേളയായ 'വസന്തോത്സവ'ത്തിന് നാളെ കനകക്കുന്നിൽ തുടക്കമാകും. അപൂർവയിനം പൂക്കളുടെയും സസ്യങ്ങളുടെയും പ്രദർശനവും വിപണനവുമായി നഗരവാസികളെ ആകർഷിക്കുന്ന മേള 20 വരെ നീളും.
കഴിഞ്ഞ ജനുവരിയിൽ ലോക കേരളസഭയോടനുബന്ധിച്ചാണ് ഇതിനുമുമ്പ് വസന്തോത്സവം നടന്നത്. അന്ന് ജനശ്രദ്ധ ആകർഷിച്ച മേളയായിരുന്നതിനാൽ തുടർന്നുള്ള വർഷങ്ങളിലും വസന്തോത്സവം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പൂർണമായും സ്പോൺസർഷിപ്പ്, സ്റ്റാളുകൾ, ടിക്കറ്റ് എന്നിവയുടെ വില്പന വഴിയാണ് ഈ വർഷത്തെ വസന്തോത്സവം സംഘടിപ്പിക്കുന്നത്. ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടത്തിപ്പ്. ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. വസന്തോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വൈവിദ്ധ്യമാർന്ന കാഴ്ചകൾ
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള സിംപീഡിയം ചെടികളുടെ പ്രദർശനം, പൂനെയിൽനിന്നുള്ള കാർണേഷൻ ചെടികൾ, അഡീനിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയ്യാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവയുടെ അപൂർവകാഴ്ചകൾ, കിർത്താഡ്സ് ഒരുക്കുന്ന വംശീയ പാരമ്പര്യ വൈദ്യസ്റ്റാളുകൾ, ഗോത്രവർഗക്കാരുടെ തനത് ഭക്ഷ്യ വിഭവങ്ങൾ, ഔഷധസസ്യ ശേഖരം, ജൈവവൈവിദ്ധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വനംവകുപ്പിന്റെ 'കാടിന്റെ പുനഃസൃഷ്ടി", വന ഉത്പന്നങ്ങളുടെ വില്പന നടത്തുന്ന 'വനശ്രീ' സ്റ്റാൾ, 'തേൻകൂടു"മായി ഹോർട്ടികോർപ്പ്, കാർഷികോത്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും പ്രദർശനം ഒരുക്കുന്ന സംസ്ഥാന കൃഷി വകുപ്പ് സ്റ്റാളുകൾ എന്നിവ ഇത്തവണത്തെ സവിശേഷതകളാണ്.
മത്സരവിഭാഗത്തിൽ വരുന്ന ചെടികൾക്ക് പുറമെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിക്കുന്ന പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരവും വസന്തോത്സവത്തിന് മാറ്റുകൂട്ടും. വിവിധ പുഷ്പാലങ്കാരമത്സരങ്ങളും സംഘടിപ്പിക്കും.
വ്യാപാര, ഭക്ഷണസ്റ്റാളുകളും
വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, സൗത്ത് ഇന്ത്യൻ വിഭവങ്ങൾ, മലബാർ, കുട്ടനാടൻ വിഭവങ്ങൾ, കെ.ടി.ഡി.സി ഒരുക്കുന്ന രാമശേരി ഇഡ്ഡലി മേള എന്നിങ്ങനെ സൂര്യകാന്തിയിൽ ഭക്ഷ്യമേളയും കൂടാതെ വിവിധ നഴ്സറികളിൽനിന്നുള്ള ഉത്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. സർക്കാർ സ്റ്റാളുകൾക്ക് പുറമെ വ്യാപാരസംബന്ധമായ സ്റ്റാളുകളും സർഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.
മേളയിലെ പങ്കാളികൾ
സെക്രട്ടേറിയറ്റ്, മ്യൂസിയം-മൃഗശാല, കാർഷിക കോളേജ്, ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായി സ്പേയ്സ് സെന്റർ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വനഗവേഷണ കേന്ദ്രം, കിർത്താഡ്സ്, നിയമസഭാമന്ദിരം, കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം, പൂജപ്പുര ആയുർവേദ ഗവേഷണ കേന്ദം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും പങ്കെടുക്കും.