തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന കടകൾ, കച്ചവടക്കാരോ സാധനങ്ങൾ വാങ്ങാനെത്തുന്നവരോ ഇല്ലാതെ വിജനമായ റോഡുകൾ... പണിമുടക്ക് - ഹർത്താൽ ദിവസങ്ങളിൽ തലസ്ഥാനത്തെ ഏറ്റവും വലിയ പൊതുവിപണിയായ ചാല മാർക്കറ്റിലെ സ്ഥിരം കാഴ്ചയാണിത്. തൊഴിലാളികളെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്ന ഇത്തരം പണിമുടക്കിൽ ഇനി മുതൽ കടകൾ തുറക്കുമെന്ന് വ്യാപാരി സംഘടനകൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തിട്ടും ഇത്തവണയും വിജയം കണ്ടില്ല. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ അക്ഷരാർത്ഥത്തിൽ ചാലക്കമ്പോളം സ്തംഭിച്ചു. അടിക്കടിയുണ്ടായ ഹർത്താലുകൾക്ക് പിന്നാലെ വന്ന ദേശീയ പണിമുടക്കിൽ ഒരു ദിവസം പോലും ഒരു കട പോലും ചാലക്കമ്പോളത്തിൽ തുറന്നു പ്രവർത്തിച്ചില്ല.
പണിമുടക്ക് ദിവസവും കടകൾ തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം നൽകുമെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നെങ്കിലും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടപ്പോൾ അനുകൂല നിലപാടുണ്ടായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. പണിമുടക്കിൽ ജില്ലയിലുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ശ്രമിക്കുന്നതിനിടെ കടകൾക്ക് കാവൽ നിൽക്കാൻ സേനാബലം പോരെന്നാണ് ജില്ലകളിലെ പൊലീസ് മേധാവിയടക്കം പ്രതികരിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിനോട് സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചിരുന്നു. എന്നാൽ അന്നും മറിച്ചായിരുന്നില്ല സ്ഥിതി. പോരാത്തതിന് സാധനങ്ങൾ കയറ്റാനും ഇറക്കാനും കയറ്റിറക്ക് തൊഴിലാളികൾ ആരും തന്നെയുണ്ടായില്ല.
പണിമുടക്കിൽ അക്രമം ഉണ്ടാകില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. പൊലീസ് സംരക്ഷണത്തിന് സമീപിച്ചപ്പോഴാണ് തിരിച്ചടിയുണ്ടായത്. കോഴിക്കോട് മിഠായി തെരുവിലടക്കം കടകൾ തുറന്നപ്പോൾ വ്യാപകമായി അക്രമമുണ്ടായി. അതുകൊണ്ട് തന്നെ ജീവനും സ്വത്തിനും യാതൊരു വിധ സംരക്ഷണവുമില്ലാത്തിടത്ത് ആരെ വിശ്വസിച്ച് കടകൾ തുറക്കുമെന്നും ഇവർ ചോദിക്കുന്നു. ഹർത്താലുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഹർത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, ചേംബർ ഒഫ് കൊമേഴ്സ്, വ്യാപാരി വ്യവസായി സമിതി എന്നിവർ നേരത്തേ അറിയിച്ചിരുന്നു. കനത്ത നഷ്ടം അനുഭവിക്കേണ്ടി വരുന്നത് താങ്ങാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ ഹർത്താൽ കാരണമുള്ള തൊഴിൽനഷ്ടവും വ്യാപാരനഷ്ടവും ഹർത്താൽ പ്രഖ്യാപിക്കുന്ന സംഘടനകളിൽ നിന്നോ നേതാക്കളിൽ നിന്നോ ഈടാക്കി വ്യാപാരികൾക്ക് നൽകാൻ നിയമനിർമ്മാണം നടത്തണമെന്നും സമിതി ആവശ്യപ്പെടുന്നു. ഹർത്താൽ ദിവസം കടകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി.