തിരുവനന്തപുരം: മൗറീഷ്യസിലേക്ക് പോവുകയായിരുന്ന കൂറ്റൻ റഷ്യൻ ചരക്കുവിമാനം യന്ത്രത്തകരാർ കാരണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ചെന്നൈയിൽ നിന്ന് മൗറീഷ്യസിലേക്ക് പറക്കുകയായിരുന്ന റഷ്യയുടെ വോൾഗാ നെപ്പർ എയർലൈനിന്റെ എ.എൻ-124 വിമാനമാണ് ഇന്നലെ രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. ലോകത്തിലെ നാലാമത്തെ വലിയ ചരക്കുവിമാനമെന്ന് അറിയപ്പെടുന്ന ഇതിന്റെ ചിറകുകൾ തിരുവനന്തപുരത്തെ റൺവേക്ക് ഉൾക്കൊള്ളാനാവുന്നതിലും അധികമായിരുന്നു. ഫയർ അലർട്ട് പ്രഖ്യാപിച്ച്, അടിയന്തര സംവിധാനങ്ങളൊരുക്കി, വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകുകയായിരുന്നു. നിലത്തിറക്കിയ വിമാനം വ്യോമസേനയുടെ 'ബ്രാവോ" എന്ന ടാക്സി വേയിലേക്ക് മാറ്റി. ഇത്രയും വലിയ വിമാനം തിരുവനന്തപുരത്ത് ഇറങ്ങുന്നത് ആദ്യമായാണ്.
ബോയിംഗ്-777 വരെയുള്ള കോഡ്-ഇ ഇനത്തിൽപ്പെട്ട വലിയ വിമാനങ്ങൾ മാത്രമേ ഇതുവരെ തിരുവനന്തപുരത്ത് ഇറങ്ങിയിട്ടുള്ളൂ. എമിറേറ്റ്സാണ് ഈ ഇനത്തിലെ വിമാനമിറക്കിയിട്ടുള്ളത്. റഷ്യൻ വിമാനം കോഡ്- എഫ് ഇനത്തിൽപ്പെട്ടതാണ്. ചിറകുകളുടെ വീതി (വിംഗ് സ്പാൻ) 73 മീറ്ററുള്ള ഈ വിമാനം തിരുവനന്തപുരത്തെ റൺവേക്ക് താങ്ങാനാവുന്നതല്ല. യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ, അടിയന്തര ലാൻഡിംഗിന് ക്യാപ്ടൻ അനുമതി തേടി. ചെന്നൈയിൽ നിന്ന് ഇതിനുള്ള അനുമതി ലഭിച്ചതോടെയാണ് എയർട്രാഫിക് കൺട്രോൾ ലാൻഡിംഗിന് നിർദ്ദേശം നൽകിയത്. ഇവിടെ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വിമാനത്തിന്റെ ചിറകുകൾക്ക് 65 മീറ്റർ വീതിയേ ഉണ്ടായിട്ടുള്ളൂ. എമിറേറ്റ്സിന്റെ ബോയിംഗ് 777വിമാനത്തിന് 65 മീറ്റർ വിംഗ് സ്പാനും 76.2 മീറ്റർ നീളവുമുണ്ട്. എന്നാൽ റഷ്യൻ വിമാനത്തിന്റെ ചിറകിന്റെ വീതി കൂടുതലാണെങ്കിലും നീളം 70 മീറ്ററിൽ താഴെയാണ്. ലാൻഡിംഗ് നടത്തിയപ്പോൾ റഷ്യൻ വിമാനത്തിന്റെ ചിറകുകൾ റൺവേക്ക് പുറത്തായിരുന്നെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു.
വന്നത് വോൾഗാ നെപ്പർ
പരമാവധി 258 ടൺ ഭാരം വഹിക്കാവുന്ന ലോകത്തെ നാലാമത്തെ വലിയ ചരക്കുവിമാനമാണ് വോൾഗാ നെപ്പർ എയർലൈനിന്റെ എ.എൻ-124. നാല് എൻജിനുകളുണ്ട്. മണിക്കൂറിൽ 850 കിലോമീറ്റർ വരെ വേഗതയിൽ പറക്കാനാവും. സമുദ്രനിരപ്പിനു മുകളിൽ 12000 മീറ്റർ (39370 അടി) ഉയരത്തിൽ പറക്കാം. 22 മീറ്റർ ഉയരമുണ്ട്. റഷ്യൻ വ്യോമസേനയും ഈ വിമാനം ഉപയോഗിക്കുന്നു.
വലിപ്പമേറിയ വിമാനത്തിന്റെ ലാൻഡിംഗിന് പൊന്നറ പാലത്തിനടുത്തുള്ള റൺവേ 3(2) സജ്ജമാക്കി. വിമാനത്തിലെ റഷ്യൻ പൈലറ്റുമാർ സുരക്ഷിതമായി വിമാനം നിലത്തിറക്കി. ഇത്ര വലിയ വിമാനം പാർക്കിംഗ് ബേയിൽ പാർക്ക് ചെയ്യാനാവാത്തതിനാലാണ് വ്യോമസേനയുടെ ഉപയോഗത്തിലുള്ള ശംഖുംമുഖം ഭാഗത്തെ കാർഗോ കോംപ്ലക്സിനടുത്തുള്ള ടാക്സി ബേയിൽ നിറുത്തിയിട്ടത്. റൺവേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് വിമാനത്തെ എത്തിക്കാനുള്ള വഴിയാണ് ടാക്സി ബേ. വിമാനത്തിലുണ്ടായിരുന്ന എൻജിനിയർമാരാണ് സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നത്. ചൈനയിൽ നിന്നുള്ള കൂറ്റൻ യന്ത്രഭാഗങ്ങളുമായാണ് റഷ്യൻ വിമാനം മൗറീഷ്യസിലേക്ക് പറന്നത്. വിമാനത്താവളം ഉദ്യോഗസ്ഥർ റഷ്യൻ വിമാനത്തിനുള്ളിൽ പരിശോധന നടത്തി. കൂറ്റൻ ലാഡറുകളും യന്ത്രഭാഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
യന്ത്രത്തകരാർ ചൂണ്ടിക്കാട്ടിയാണ് അടിയന്തര ലാൻഡിംഗിന് പൈലറ്റുമാർ അനുമതി തേടിയതെങ്കിലും നിലത്തിറക്കിയ ശേഷം കടലിനു മുകളിലെ കാലാവസ്ഥാ വ്യതിയാനമെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ കാലാവസ്ഥാ പ്രശ്നമില്ലെന്ന് എയർട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂറ്റൻ വിമാനമായതിനാൽ ലാൻഡിംഗ് സമയത്ത് വിമാനത്താവള ഉദ്യോഗസ്ഥർ അതിജാഗ്രതയിലായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം രാത്രി ഒമ്പതരയോടെ വിമാനം മൗറീഷ്യസിലേക്ക് പറന്നു.