india-

ന്യൂഡൽഹി∙ ഇന്ത്യക്ക് വെല്ലുവിളിയായി പാകിസ്ഥാന് അതിവേഗ മിസൈൽ കൈമാറാൻ ചൈന ഒരുങ്ങുന്നു. ശബ്ദത്തേക്കാൾ മൂന്നിരിട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സി.എം 302 എന്ന സൂപ്പർ സോണിക് മിസൈലാണ് ചൈന പാകിസ്ഥാൻ നാവിക സേനയ്ക്ക് കൈമാറാനൊരുങ്ങുന്നത്. പാകിസ്ഥാനായി ചൈന നിർമിക്കുന്ന നാല് പുതിയ യുദ്ധക്കപ്പലുകളിൽ പ്രധാന ആയുധമായി സിഎം–302 മിസൈലുകൾ ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ.

ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് ക്രൂസ് മിസൈലിന് മറുപടിയായാണ് ചൈന പാകിസ്ഥാന് ഈ മിസൈലുകൾ നൽകുന്നത്. ചൈനീസ് സൂപ്പർസോണിക് മിസൈലായ വൈജെ–12 മിസൈലുകളുടെ അതേ വേഗവും സവിശേഷതയും ഉള്ളതാണ് സിഎം–302 മിസൈലുകൾ. കഴിഞ്ഞ മാസം രണ്ടാമത്തെ യുദ്ധക്കപ്പലിന്റെ നിർമാണ ഉദ്ഘാടനത്തിനു ശേഷം ചൈനീസ് കപ്പൽനിർമാണ കോർപ്പറേഷൻ പുറത്തുവിട്ട് ഡിജിറ്റൽ ചിത്രത്തിലൂടെയാണ് കപ്പലിൽ സിഎം–302 മിസൈലുമുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഷാങ്ഹായിലെ ഹുഡോങ്– ഷോങ്ക്യ തുറമുഖത്താണ് യുദ്ധക്കപ്പലുകളുടെ നിർമാണം പുരോഗമിക്കുന്നത്.

ചൈന നിർമിക്കുന്ന 054 വിഭാഗത്തിലുള്ള യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കുന്ന സിഎം–302 മിസൈലുകൾ ഇന്ത്യയ്ക്ക് പുതിയ ഭീഷണിയായിരിക്കുമെന്ന് നിർമാണ പ്രവർ‌ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പാകിസ്ഥാൻ നാവികസേനയിൽ ദീർഘദൂര സെൻസറുകളുടെ അഭാവമുള്ളതിനാൽ മിസൈലുകൾ വെല്ലുവിളി ഉയർത്തില്ലെന്നും ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.

ലക്ഷ്യസ്ഥാനത്തെ‌ക്കുറിച്ചുള്ള കൃത്യമായ വിവരം, നിരീക്ഷണ ശേഷി, നാവികസേനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ ഇലക്ട്രോണിക് പ്രതിരോധ വലയം ഭേദിക്കാനുള്ള കരുത്ത് എന്നിവകൂടി സ്വന്തമാക്കിയെങ്കിൽ മാത്രമെ പാക് നാവികസേനയ്ക്ക് ഇന്ത്യക്കെതിരെ മിസൈൽ വിക്ഷേപിക്കാൻ സാധിക്കുവെന്നും അവർ പറഞ്ഞു.