തന്നെക്കാൾ മികച്ച രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ. മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതിന് പിന്നിലെയാണ് പരേഷ് റാവലിന്റെ പ്രതികരണം. വിവേക് ഒബ്‌റോയിയാമ് മോദിയായി ചിത്രത്തിലെത്തുന്നത്. ഇതിൽ പരേഷ് റാവൽ അതൃപ്തനാണെന്നാണ് റിപ്പോർട്ട്.
മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ സിനിമകളുടെ സംവിധായകനായ ഒമുങ്ക് കുമാറാണ് മോദിചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമെന്ന് 2018 ജൂണിൽ പരേഷ് റാവൽ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് പിന്നീട് വാർത്തകളൊന്നും വന്നില്ല. അതിനിടെയാണ് വിവേക് നായകനായ ചിത്രമെത്തുന്നത്.
എനിക്കല്ലാതെ മോദിയെ ആർക്കും അവതരിപ്പിക്കാൻ കഴിയില്ല. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ എനിക്കാവും. ഇതൊരു ജനാധിപത്യ രാജ്യമാണ് വിവേകിന് ഇഷ്ടമുള്ളത് അദ്ദേഹത്തിന് ചെയ്യാം. ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും പരേഷ് റാവൽ അറിയിച്ചു.