kerala-kaumudi

കുട്ടനാട്: പൊലീസ് പരിശോധന നടത്തുന്നതിനിടെ 'അജ്ഞാത മൃതദേഹ'ത്തിൽ ജീവന്റെ തുടിപ്പ്. കൊല്ലം കല്ലുവെട്ടാംകഴിയിൽ കുളത്തുപ്പുഴ വീട്ടിൽ വിജയനാണ് (60) അല്പനേരം മൃതദേഹമായി ചക്കുളത്തുകാവ് ക്ഷേത്രത്തിനു സമീപം റോഡരികിൽ കിടന്നത്. രാവിലെ പത്തുമണിയോടെയാണ് വിജയനെ നാട്ടുകാർ കാണുന്നത്. അബോധാവസ്ഥയിലായിരുന്നു. ഇതോടെ പ്രദേശത്തെ മുറിവൈദ്യൻമാർ 'മരണം' സ്ഥരീകരിച്ചു. ചിലർ പൊലീസിനെ വിളിച്ച് വിവരം കൈമാറുകയും ചെയ്തു. എടത്വ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന് ബോദ്ധ്യമായത്. ഉടൻതന്നെ ആംബുലൻസിൽ തിരുവല്ല ഗവ. ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി എടത്വ എസ്.ഐ ക്രസിൽ ക്രിസ്റ്റിൻരാജ് അറിയിച്ചു. ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.