nss-bjp

പെരുന്ന: മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തികസംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. മന്നത്തു പത്മനാഭന്റെ കാലം മുതൽ, മാറി മാറി വരുന്ന സർക്കാരുകളോട് എൻ.എസ്.എസ് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണിത്. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനും അവർക്കുള്ള ക്ഷേമപദ്ധതികൾ നിശ്ചയിക്കുന്നതിനും കേന്ദ്രസർക്കാർ 2006ൽ നിയമിച്ച സിൻഹു കമ്മിഷൻ മുമ്പാകെ വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എൻ.എസ്.എസ്. ഹാജരാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽകൂടി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായതെന്ന് സുകുമാരൻ നായർ പറഞ്ഞു.