ന്യൂഡൽഹി: അയോദ്ധ്യ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോദ്ധ്യ കേസിൽ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബഞ്ച് രൂപീകരിച്ചത്.
തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച 16ഹർജികളാണ് ഇന്ന് പരിഗണിക്കുക. കൂടാതെ അയോദ്ധ്യ കേസിൽ അന്തിമ വിധി പ്രഖ്യാപിക്കുന്ന തീയതി ഇന്ന് നിശ്ചയിക്കാനും സാദ്ധ്യതയുണ്ട്. കേസിൽ വേഗം വാദം കേട്ട് തീർപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും.
നേരത്തേ അയോദ്ധ്യ കേസ് ഭരണഘടനാ ബഞ്ചിന് വിടാൻ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ തീരുമാനം. അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.