കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച് ശബരിമലയിൽ യുവതികൾക്ക് ദർശനം നടത്താൻ അവസരം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹർജി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ, കോട്ടയം എസ്.പി ഹരിശങ്കർ എന്നിവർക്കെതിരെയും ഹർജി നൽകിയിട്ടുണ്ട്. രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആർ. പ്രതീഷ്, ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്ട്രേട്ട് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികൾ ദർശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങൾ തെറ്റിച്ചാണെന്നും ഇവർക്ക് ദർശനമൊരുക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. മതവികാരങ്ങളെ അപമാനിക്കാനാണ് എതിർകക്ഷികൾ ശ്രമിക്കുന്നതെന്ന് ഹർജിക്കാരൻ കുറ്റപ്പെടുത്തി.