തിരുവനന്തപുരം: തനിക്കെതിര സഭയുടെ മുഖപത്രത്തിൽ വന്ന ലേഖനത്തിന് സഭയ്ക്കെതിരെ കടുത്ത വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കൽ. സഭയിലെ പൗരോഹിത്യ വിഭാഗത്തിന്റെ തെറ്റുകൾ മറച്ചുവെക്കുന്നതിന് തന്നെ കരുവാക്കുയാണ്. താൻ ചെയ്തത് ശരിയാണെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്രർ വ്യക്തമാക്കി.
സഭയിൽ പുരുഷ മേധാവിത്തമാണ് നിലനിൽക്കുന്നത്. കണ്ടുമുട്ടിയതിൽ വച്ച് കുറച്ച് പുരോഹിതർ മാത്രമേ ബ്രഹ്മചര്യം പാലിക്കുന്നുള്ളു. 'വലിയ തെറ്റുകളെ കണ്ടില്ലെന്ന് നടിച്ചിട്ട് താൻ കന്യാസ്ത്രീകൾക്കെതിരാണെന്ന് പറഞ്ഞാൽ പറയുന്നവർ അവിടെയിരിക്കുകയേ ഉള്ളു. ഒരു കാരണവശാലും ഇതൊന്നും എന്നെ തളർത്തില്ല. മൂന്ന് വ്രതങ്ങളും കൃത്യമായി പാലിച്ച് തന്നെയാണ് താൻ ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എഴുതണം, അതിനുള്ള കഴിവും തനിക്കുണ്ടെന്നും ഇതെല്ലാം സഭ നിഷേധിക്കുകയാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
താൻ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. പിതാക്കൻമാരുടെ തെറ്റുകൾക്ക് തന്നെ ബലിയാടാക്കുകയാണ്. തനിക്കെതിരെ മുഖപ്രസംഗം എഴുതിയ ലേഖകൻ സമൂഹമാദ്ധ്യമങ്ങളിലൂടെ കുറച്ച് നാളായി തന്നെ അപമാനിക്കുകയാണും. ഇത് തുടർന്നാൽ പൊലീസിനെ സമീപിക്കുമെന്നും സിസ്റ്റർ പറഞ്ഞു. സഭയ്ക്കും അതിന്റെ മര്യാദയ്ക്കും വിപരീതമായി പ്രവർത്തിക്കുന്ന നിരവധി കന്യാസ്ത്രീകളും പുരോഹിതന്മാരും സഭയ്ക്കുള്ളിലുണ്ടെന്ന് ജനങ്ങൾക്കറിയാം. അവരെയൊക്കെ സുഖമായി ഉറക്കിക്കെടുത്തി ഉണർന്നിരിക്കുന്ന തന്നെ മൂടിപ്പുതച്ച് കിടത്താമെന്ന് ആരും വിചാരിക്കണ്ടെന്നും സിസ്റ്റർ വ്യക്തമാക്കി.
ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതരും സഭയിലുണ്ട്. ഇതൊന്നും സഭയ്ക്ക് പ്രശ്നമല്ല എന്നിട്ടാണ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ, യാത്രാ സൗകര്യത്തിന്റെ പേരിലോ ഒരു വാഹനമെടുത്ത തന്നെ കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്നതെന്നും സിസിറ്റർ പറഞ്ഞു. സഭയിൽ നടക്കുന്നത് വലിയ തെറ്റുകളാണ്, ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതർക്ക് കന്യാസ്ത്രീ ചുരിദാർ ഇടുന്നത് തെറ്റായത്. ഒരു പ്രോവിൻസ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഓർക്കണമെന്നും സിസ്റ്റർ പറഞ്ഞു.
കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതും ചുരിദാർ ധരിച്ചതും തെറ്റാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് കന്യാസ്ത്രീ സഭയെ അപഹസിച്ചെന്നും പൊതു സമൂഹത്തിന് മുന്നിൽ കന്യാസ്ത്രീ സമൂഹത്തെ അപമാനിച്ചന്നുമായിരുന്നു സഭയുടെ മുഖപത്രത്തിലുണ്ടായിരുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു. ചില ശാരീരീക പ്രശ്നങ്ങൾ ഉള്ളതിനാൽ മദർ ജനറലിന് പെട്ടെന്ന് മറുപടി കൊടുക്കാൻ സാധിക്കാത്തത് സിസ്റ്റർ വ്യക്തമാക്കി.