ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി വീണ്ടും രംഗത്തെത്തി. ലോക്‌സഭയിൽ റാഫേൽ ചർച്ചയ്‌ക്കിടെ പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ അപമാനിച്ചെന്ന് മോദി ഇന്നലെ സൊലാപൂരിലെ പരിപാടിയിൽ പറഞ്ഞിരുന്നു. ഇതിൽ മറുപടിയുമായായണ് രാഹുൽ രംഗത്തെത്തിയത്.
'മോദിജീ, നമ്മുടെ സംസ്‌കാരം സ്ത്രീകളെ ആദരിക്കാനാണ് പഠിപ്പിക്കുന്നത്. അത് കുടുംബത്തിൽ നിന്നുതന്നെയാണ് തുടങ്ങുന്നതും. എന്നാൽ, എന്റെ ചോദ്യങ്ങളുടെ മുന്നിൽ നിങ്ങളെന്തിനാണ് പതറുന്നത്? റാഫേൽ കരാറിൽ നിങ്ങളുടെ പങ്കെന്താണെന്ന് ഉത്തരം നൽകൂ' എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
With all due respect Modi Ji, in our culture respect for women begins at home.
— Rahul Gandhi (@RahulGandhi) January 9, 2019
Stop shaking. Be a man and answer my question: Did the Air Force and Defence Ministry object when you bypassed the original Rafale deal?
Yes? Or No? #RafaleScam
നേരത്തെ, 56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരന് സ്വയം പ്രതിരോധിക്കാൻ കഴിവില്ലെന്നും അതിനായി ഒരു സ്ത്രീയെ മുന്നിൽ നിറുത്തിയിരിക്കുകയാണെന്നും രാഹുൽ മോദിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. '56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരൻ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമൻജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാൻ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...' - രാഹുൽ പരിഹസിച്ചിരുന്നു. രണ്ടര മണിക്കൂറെടുത്തിട്ടും ഇവർക്ക് മോദിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. എന്റെ ചോദ്യത്തിന് അതെ അല്ലെങ്കിൽ അല്ല എന്ന് മറുപടി പറയാൻ ആവശ്യപ്പെട്ടിട്ടും അവർ മറുപടി പറഞ്ഞില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എന്നാൽ രാഹുലിന്റെ പ്രസ്‌താവനയെ എതിർത്ത് നരേന്ദ്രമോദി രംഗത്തെത്തി. ഒരു സ്ത്രീയെ അപമാനിക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ അപമാനിക്കലാണിതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇതിനെതിരെയാണ് രാഹുൽ ട്വിറ്ററിൽ മറുപടി നൽകിയത്.