രാജ്യത്ത് സാമ്പത്തിക സംവരണം കൊണ്ട് വരാനായി ബി.ജെ.പി ധൃതിപെട്ട് കൊണ്ട് വന്ന ബിൽ കഴിഞ്ഞ ദിവസം രാജ്യസഭയിലും പ്രതിപക്ഷ പിന്തുണയോടെ പാസായി. ഇത് രാജ്യത്ത് നടപ്പിലാക്കാൻ പോവുന്നതിലൂടെ സംവരണം എന്ന തത്ത്വത്തിനെ തന്നെ അട്ടിമറിക്കുകയാണെന്ന് അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു. എട്ട് ലക്ഷം വാർഷിക വരുമാനമുള്ളവനല്ല പാവപ്പെട്ടവനെന്നും അത് രണ്ട് ലക്ഷത്തിൽ താഴെ എങ്കിലും ആയിരിക്കണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതി പാവപ്പെട്ടവന്റെ ചെലവിൽ പണക്കാരെ സഹായിക്കുന്ന നീക്കം മാത്രമാണ് അത് മേൽജാതി വോട്ട് മുന്നിൽക്കണ്ടുള്ള കരുനീക്കമാണെന്നും ഹരീഷ് വാസുദേവൻ ആരോപിക്കുന്നു. ഭരണകക്ഷി കൊണ്ട് വന്ന ഈ ബില്ലിനെ പിന്തുണച്ചതോടെ അംബേദ്കറുടെ തോൽവിയാണ് ഇടതും,കോൺഗ്രസ് പാർട്ടികളും ഉറപ്പിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സംവരണം എന്ന തത്വത്തെ തന്നെ അട്ടിമറിക്കുന്നതാണ് സാമ്പത്തിക സംവരണം. സാമൂഹിക പിന്നാക്കാവസ്ഥയും സാമ്പത്തിക പിന്നാക്കാവസ്ഥയും താരതമ്യം ചെയ്യാവുന്നതേയല്ല. ലോട്ടറിയടിച്ചാൽ പാവപ്പെട്ടവന്റെ പ്രശ്നം മാറും. നൂറു ലോട്ടറിയടിച്ചാലും സാമൂഹ്യ പിന്നാക്കാവസ്ഥ മാറില്ല. അതിനു സാമൂഹികാധികാര ശ്രേണിയിൽ പങ്കാളിത്തം വേണം. അതാണ് സംവരണം.
മുന്നാക്കപിന്നാക്ക സമുദായങ്ങളിലെയും പാവപ്പെട്ടവർക്ക് ധനസഹായം നൽകണം. 8 ലക്ഷം വാർഷിക വരുമാനമുള്ളവനല്ല പാവപ്പെട്ടവൻ. 2 ലക്ഷത്തിന് താഴെയെങ്കിലും ആയിരിക്കണം പാവപ്പെട്ടവന്റെ വാർഷിക വരുമാനം. ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതി പാവപ്പെട്ടവന്റെ ചെലവിൽ പണക്കാരെ സഹായിക്കുന്ന നീക്കമാണ്. വലിയോരളവ് മേൽജാതി വോട്ട് മാത്രം മുന്നിൽക്കണ്ടുള്ള കരുനീക്കം.
മുസ്ലീംലീഗ് മാത്രമാണ് അതിനെതിരെ രാജ്യസഭയിൽ വോട്ട് ചെയ്തത്. അവരെയോർത്ത് അഭിമാനിക്കുന്നു. ബാക്കിയുള്ളവരെയോർത്ത് ലജ്ജിക്കുന്നു. അംബേദ്കറുടെ തോൽവിയാണ് ആഖജ കൊണ്ടുവന്ന ബില്ലിനെ പിന്തുണയ്ക്കുക വഴി ഇടതും കോണ്ഗ്രസും കൂടി പാർലമെന്റിൽ ഉറപ്പിച്ചത്. ഇത് ജനവഞ്ചനയാണ്.