ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്കഭൂമി സംബന്ധിച്ച അയോദ്ധ്യ കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ നിന്നും ജസ്റ്റിസ് യു.യു ലളിത് പിന്മാറി. സുന്നി വഖഫ് ബോർഡിന്റെ ആക്ഷേപത്തെ തുടർന്നാണ് പിന്മാറിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന്റെ അഭിഭാഷകനായി ജസ്റ്റിസ് യു.യു ലളിത് ഹാജരായിരുന്നു. ഇത് സുന്നി വഖഫ് ബോർഡ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അദ്ദേഹം പിന്മാറിയത്. വഖഫ് ബോർഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതേസമയം, കേസ് പരിഗണിക്കുന്നത് 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ മാസം 29ന് മുമ്പായി സമർപ്പിക്കണമെന്നും കോടതി അറിയിച്ചു. രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാ ബെഞ്ച് അയോദ്ധ്യ കേസ് പരിഗണിച്ചത്. ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാൻ തയ്യാറാണെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇന്ന് വാദം കേൾക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വാദം കേൾക്കൽ തുടങ്ങുന്നതിന്റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.