തിരുവനന്തപുരം: തുടർ ഭരണം ലക്ഷ്യമിട്ട് നരേന്ദ്ര മോദിയും നഷ്‌ടപ്പെട്ട പ്രതാപം തിരിച്ച് പിടിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും ഇറങ്ങുന്നതോടെ ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാശിയേറുമെന്ന് ഉറപ്പായി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനോടകം തന്നെ മൂന്ന് മുന്നണികളും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ജില്ലകൾതോറും മണ്ഡലം പ്രസിഡന്റുമാരെ വിളിച്ചുകൂട്ടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നടത്തുന്ന യോഗങ്ങൾ സമാപിക്കുന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സജീവതയിലേക്ക് കോൺഗ്രസ് കടക്കും. കേന്ദ്രത്തിൽ അധികാരം തിരികെ പിടിക്കുക എന്ന ശ്രമത്തിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്ര് സമാഹരിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. യു.പി, ബിഹാർ, ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തെലുങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കാര്യമായ പ്രതീക്ഷ ഇല്ല. മറ്രിടങ്ങളിൽ നിന്നുവേണം പരമാവധി സീറ്രുകൾ സമാഹരിക്കാൻ. കേരളത്തിൽ നിന്നും മികച്ച നേട്ടമാണ് ലക്ഷ്യമിടുന്നത്.
നിലവിലെ സ്ഥിതിയിൽ ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയമായി ഉയർന്നുവരും. ശബരിമല വിഷയത്തിൽ കേരളത്തിലുണ്ടായ ജനവികാരം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. വിഷയത്തിൽ കേന്ദ്രം നിയമ നിർമ്മാണം നടത്തണമെന്ന് പാർലമെന്റിൽ കോൺഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. ശബരിമല വിഷയത്തിൽ തുടക്കം മുതൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്.
സ്വാഭാവികമായും ഈ വിഷയത്തിൽ സർക്കാരിനെതിരായ ജനവികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായി മാറുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ശബരിമല വിഷയത്തിൽ സമര പരമ്പരയുമായി ബി.ജെ.പി രംഗത്തുണ്ടെങ്കിലും ഇടതുമുന്നണിയെ തോല്പിക്കാൻ കൂടുതൽ സാദ്ധ്യതയുള്ള കോൺഗ്രസിനാണ് വിശ്വാസികൾ ബി.ജെ.പിയെക്കാൾ വിശ്വാസമർപ്പിക്കുകയെന്നതാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ന്യൂനപക്ഷ -ഭൂരിപക്ഷ വോട്ടുകൾ ഒരുമിച്ചു സമാഹരിക്കാൻ കഴിഞ്ഞാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. അത് മുന്നിൽകണ്ടുള്ള തന്ത്രങ്ങൾക്കാവും കോൺഗ്രസ് രൂപം നൽകുക.