മുംബയ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന രംഗത്തെത്തി. സംവരണം നൽകാൻ വേണ്ട തൊഴിൽ അവസരങ്ങൾ എവിടെയാണെന്ന് തങ്ങളുടെ മുഖപത്രത്തിൽ എഴുതിയ മുഖപ്രസംഗത്തിൽ ശിവസേന ചോദിച്ചു. മറാത്ത വിഭാഗത്തിന് സംവരണം നൽകിയിട്ടുണ്ടെങ്കിലും തൊഴിൽ അവസരങ്ങൾ ഇല്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ദാരിദ്ര നിർമാർജനത്തിലും തൊഴിൽ രംഗത്തും പരാജയപ്പെടുമ്പോഴാണ് സർക്കാരുകൾ റിസർവേഷൻ കാർഡ് ഇറക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. 10 ശതമാനം സംവരണം നൽകിയ ശേഷം അതിനുള്ള ജോലി എവിടെ നിന്ന് നൽകുമെന്ന് കൂടി വ്യക്തമാക്കണം. ജി.എസ്.ടിയും നോട്ടുനിരോധനവും നടപ്പിലാക്കിയത് മൂലം രാജ്യത്ത് രണ്ട് കോടിയോളം തൊഴിൽ അവസരങ്ങൾ നഷ്‌മായി. രാജ്യത്തെ യുവാക്കൾ എന്ത് ചെയ്യണമെന്നറിയാതെ കഷ്‌ടപ്പെടുകയാണ്. 10 ശതമാനം സംവരണം നടപ്പിലാക്കിയാൽ രാജ്യത്തെ യുവാക്കൾക്ക് എന്താണ് ലാഭം. യുവാക്കളോട് പക്കോഡ വിൽക്കാൻ പറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പോൾ സംവരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
പത്ത‌് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള 124ആം ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയും കഴിഞ്ഞ ദിവസം വൻ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു. ചൊവ്വാഴ്‌ച ലോക്‌സഭ പാസാക്കിയ ബില്ലിൽ രാജ്യസഭയിൽ ഇന്നലെ രാത്രി വൈകിയും ചർച്ച നീണ്ടു. ഒടുവിൽ പത്തരമണിയോടെയാണ് ബിൽ പാസാക്കിയത്. 149 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ഏഴ് പേർ എതിർത്തു. ഇനി രാഷ്‌ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ധൃതിപിടിച്ച് ബിൽ കൊണ്ടുവന്നതിനെ അപലപിച്ച കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പാർട്ടികൾ സാമ്പത്തിക പിന്നാക്കാവസ്ഥ നിർണയിക്കുന്നതിലെ അവ്യക്തത ചൂണ്ടിക്കാട്ടി. എന്നാൽ വോട്ടെടുപ്പിൽ അനുകൂലിക്കുമെന്നും അവർ വ്യക്തമാക്കി. മുസ്ളീം ലീഗ് എതിർപ്പ് ആവർത്തിച്ചു.