rahul-modi

ന്യൂഡൽഹി: ഓ‌‌‌ൺലെെൻ വാർത്താ വിഭാഗത്തിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ രാഷ്ട്രീയ നേതാവ് എന്ന ബഹുമതി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്നിലാക്കിയാണ് രാഹുലിന്റെ നേട്ടം. 2018 ജനുവരി ഒന്നിനും 2019 ജനുവരി ആറിനും ഇടയിൽ ഗൂഗിൾ ന്യൂസിലെ അന്വേഷണാടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ആഗോളതലത്തിൽ രാഹുൽ ഗാന്ധി 100ൽ 44 പോയിന്റ് നേടിയപ്പോൾ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയിൽ രാഹുൽ 49 പോയിന്റും മോദി 38 പോയിന്റും നേടി. വർദ്ധനവ് കൂടിവരികയാണ് രാഹുലിന്റെ കാര്യത്തിൽ. മോദിയുമായും രാഹുൽ ഗാന്ധിയുമായും ബന്ധപ്പെട്ട കീവേർഡുകൾ ഗ്രാഫുകളുടെ സഹായത്തോടെയാണ് ‘ബിസിനസ്സ് സ്റ്റാൻഡേർഡ്.കോം’ വിശദീകരിക്കുന്നത്.

കോൺഗ്രസിനേക്കാൾ സോഷ്യൽ മീഡിയ ആയുധമാക്കുന്നത് ബി.ജെ.പിയാണ്. 2014ൽ മോദി ആയിരുന്നു ഈ നേട്ടത്തിൽ മുന്നിൽ. അന്ന് രാഹുൽഗാന്ധിക്ക് 4 പോയിന്റ് മാത്രമാണ് ഉണ്ടായിരുന്നത്, മോദിക്കാകട്ടെ, 37 പോയിന്റും. അന്ന് എതിരാളികളും ബി.ജെ.പി അനുകൂല സംഘടനകളും 'പപ്പു' എന്നു വിളിച്ച് രാഹുൽഗാന്ധിയെ പരിഹസിച്ചിരുന്നു. എന്നാൽ, ക്യാംപെയിനുകളൊന്നും തന്നെ ഇല്ലാതെയാണ് ഇത്തവണത്തെ രാഹുലിന്റെ നേ‍ട്ടം. എന്നാൽ, മോദിയാണ് പരസ്യപ്രചരണങ്ങളിൽ മാദ്ധ്യമങ്ങലെ കൂടുതൽ ഉപയോഗിച്ചതും. 2014ലേതു പോലെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അത്ര എളുപ്പമുള്ളതാകില്ലെന്ന് ഇതോടെ കൂടുതൽ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മുൻ വർഷങ്ങളിലേതിൽ നിന്ന് വിഭിന്നമായി നവമാദ്ധ്യമങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ രാഹുൽ നിരന്തരമായി ട്വിറ്ററിൽ സജീവമായിരുന്നു. മോദിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങളാണ് കൂടുതലും ട്വീറ്റ് ചെയ്‌തത്. ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണം 76 ലക്ഷവും മോദിക്ക് 4.4 കോടിയുമാണ്. ഫോളോവേഴ്സിൻറെ എണ്ണം നോക്കിയാൽ മോദി തന്നെയാണ് ഇപ്പോഴും മുന്നിൽ.

ഗുജറാത്തിൽ മാത്രമാണ് മോദിക്ക് നല്ല പിന്തുണയുള്ളത്. തമിഴ്നാട്, ബീഹാർ, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രാഹുലിനാണ് മേൽക്കെെ. രാജസ്ഥാൻ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഓൺലൈൻ സർവെ നടത്തിയതിലടക്കമുള്ള കാര്യങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ട്വിറ്ററിലും രാഹുലിന്റെ പിന്തുണ വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാഹുൽഗാന്ധിയുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുന്നവരുടെ എണ്ണം മോഡിയേക്കാൾ കൂടിയിട്ടുണ്ടെന്നും പുതിയ കണക്കുകൾ പറയുന്നു.‌ രാഹുലിൻറെ ജനപിന്തുണ കൂടുന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.