കഴിഞ്ഞ ഡിസംബർ 22 ന് ശേഷം അമേരിക്ക കടുത്ത ഭരണപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആഭ്യന്തര സുരക്ഷ, ഗതാഗതം, കൃഷി, ധനകാര്യ ഇടപാടുകൾ, തീരദേശസേന തുടങ്ങിയ ഒൻപത് വകുപ്പുകൾ ആവശ്യത്തിന് പണം ലഭ്യമല്ലാത്തതിനാൽ പ്രവർത്തനം പൂർണമായോ ഭാഗികമായോ നിറുത്തി വച്ചിരിക്കുകയാണ്. അമേരിക്കൻ പാർലമെന്റായ കോൺഗ്രസിന് , വകുപ്പുകൾക്ക് ആവശ്യമായ പണം പാസാക്കി എത്തിക്കാൻ സാധിക്കാത്തതാണ് കാരണം. ഒട്ടേറെ ദൈനംദിന പ്രവർത്തനങ്ങൾ - ചില കീഴ്കോടതികളുടെ പ്രവർത്തനം, ദേശീയ പാർക്കുകൾ, മ്യൂസിയം, കൃഷി സംബന്ധമായ വായ്പകൾ , എയർട്രാഫിക് കൺട്രോളിംഗ് പ്രവർത്തനങ്ങൾ എല്ലാം ഒരു പരിധിവരെ നിലച്ചിരിക്കുകയാണ്. ഈ വകുപ്പുകളിൽ അടിയന്തര പ്രവർത്തനങ്ങൾ ചെയ്യുന്നവർ മാത്രമാണ് ജോലിക്കെത്തുന്നത്. സ്വകാര്യ കോൺട്രാക്ടർമാർ വഴിയുള്ള സേവനങ്ങൾ പൂർണമായും നിലച്ചിരിക്കുകയാണ്. ഇതുകാരണം എട്ടുലക്ഷത്തിൽപ്പരം പേർ തൊഴിൽപ്രതിസന്ധി നേരിടുന്നു
കാരണം
അമേരിക്കൻ ഭരണകൂടത്തിന് പണമില്ലാത്തതല്ല പ്രതിസന്ധിക്ക് കാരണം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ അമേരിക്കൻ- മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുമെന്ന ട്രംപിന്റെ വാഗ്ദാനം പാലിക്കാൻ അഞ്ഞൂറ് കോടി അമേരിക്കൻ ഡോളർ ആവശ്യപ്പെട്ടതാണ് പ്രശ്നം. ഇത്രയും പണം അനുവദിക്കാൻ അമേരിക്കൻ കോൺഗ്രസ് തയാറല്ല. അതുകൊണ്ട് ഒപ്പം പാസാകേണ്ട, മുകളിൽ സൂചിപ്പിച്ച വകുപ്പുകൾക്കുള്ള പണവും തടസപ്പെട്ടിരിക്കുകയാണ്. അതിർത്തി സുരക്ഷാ ആവശ്യങ്ങൾക്കായി 130 ഓളം കോടി ഡോളർ നൽകാൻ കോൺഗ്രസ് തയാറാണ്. ഇതംഗീകരിക്കാൻ സെനറ്റോ, പ്രസിഡന്റ് ട്രംപോ തയാറല്ല. അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റ് ഒപ്പിട്ടാൽ മാത്രമേ വകുപ്പുകൾക്ക് ധനവിനിയോഗം സാദ്ധ്യമാകൂ. ഡെമോക്രാറ്റിക് പാർട്ടിക്ക് മുൻതൂക്കമുള്ള കോൺഗ്രസിന്റെ ജനപ്രതിനിധിസഭയും റിപ്പബ്ളിക്കൻ പാർട്ടിയിൽ അംഗമായ പ്രസിഡന്റ് ട്രംപും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഭരണപ്രതിസന്ധിയുടെ മൂലകാരണം.
നിലവിലെ സൂചനകൾ അനുസരിച്ച് ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയാറല്ല. മതിൽ നിർമ്മാണത്തിൽ വിട്ടുവീഴ്ച ചെയ്താൽ തന്നിൽ വിശ്വാസമർപ്പിച്ച വോട്ടർമാരുടെ മുന്നിൽ മണ്ടനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴും വളരെ വൈകാരികമായാണ് ട്രംപ് മതിൽ വിഷയം അവതരിപ്പിച്ചത് . മതിലിനെ ഭ്രാന്തൻ ആശയമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി വിശേഷിപ്പിച്ചത്.
സിസ്റ്രം തകരാർ
ഭരണപ്രതിസന്ധിയുടെ ഒരു പ്രധാന കാരണം അമേരിക്കൻ ധനവിനിയോഗ സംവിധാനത്തിന്റെ സാങ്കേതിക പോരായ്മ കൂടിയാണ്. അമേരിക്കയിൽ കോൺഗ്രസ് ധനബിൽ പാസാക്കിയാൽ മാത്രമേ പണം വിനിയോഗിക്കാനാവൂ. കോൺഗ്രസ് പാസാക്കിയ ബില്ലുകൾ പ്രസിഡന്റ് ഒപ്പിടണം. കോൺഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പ്രസിഡന്റ് ഒപ്പിടാൻ വിസമ്മതിക്കും. മാത്രവുമല്ല, വിവിധ വകുപ്പുകൾക്ക് പണം അനുവദിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചില വകുപ്പുകൾക്ക് വാർഷികമായി നൽകുമ്പോൾ ചിലതിന് മൂന്ന് മാസം, നാല് മാസം സമയ പരിധിയിലാണ് നൽകാറുള്ളത്. ഈ പോരായ്മ കാരണം ആദ്യമായിട്ടല്ല ഭരണപ്രതിസന്ധിയുണ്ടാകുന്നത്. 2013 ൽ ഒബാമ കെയറുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തിൽ 16 ദിവസമാണ് പല വകുപ്പുകളും അടഞ്ഞുകിടന്നത്. ട്രംപിന്റെ കാലത്തെ മൂന്നാമത്തെ അടച്ചുപ്പൂട്ടലാണിത്. അമേരിക്കയിലെ സംസ്ഥാന പ്രാദേശിക സർക്കാരുകളുടെ കാര്യത്തിലും ഇത്തരം പ്രതിസന്ധി ഉണ്ടാകാറുണ്ട്.
അമേരിക്കൻ - മെക്സിക്കൻ അതിർത്തി
ഏകദേശം 2000 മൈൽ നീളമുള്ള അതിർത്തിയാണ് അമേരിക്കയ്ക്കും മെക്സികോയ്ക്കും ഉള്ളത്. അതിർത്തിയിലെ കുറെ പ്രദേശങ്ങൾ സ്വകാര്യസ്വത്തും ബാക്കി സർക്കാർ ഉടമസ്ഥതയിലുള്ളതുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ഏകദേശം 700 മൈൽ നീളത്തിൽ പല വലിപ്പത്തിലും രൂപത്തിലുള്ള മതിലുകൾ 2006 മുതൽ നിലവിലുണ്ട്. ചില മേഖലകളിൽ പ്രകൃത്യാ തടസങ്ങളുമുണ്ട്. ഇത് രണ്ടും കഴിച്ചിട്ടുള്ള ഏകദേശം 1000 മൈൽ നീളത്തിൽ 18 മുതൽ 30 അടിവരെ ഉയരമുള്ള മതിൽ പണിയാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഏകദേശം 16000 ത്തോളം സൈനികർ അതിർത്തിയിൽ റോന്തുചുറ്റുന്നുണ്ട്. 25 ഓളം ഔദ്യോഗിക പ്രവേശന കവാടങ്ങൾ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്രയും സംവിധാനമുണ്ടെങ്കിലും ഗുഹാമാർഗങ്ങളിലൂടെയും ദുർഘടപ്രദേശങ്ങളിലൂടെയും സേനയുടെ കണ്ണുവെട്ടിച്ച് പലരും അഭയാർത്ഥികളായി അമേരിക്കയിലെത്തുന്നുണ്ട്. ഇത്രയേറെ കോലാഹലങ്ങളുണ്ടെങ്കിലും അതിർത്തി വഴിയുള്ള അനധികൃത മനുഷ്യക്കടത്തിന് കുറവില്ല.
എന്തിനാണ് മതിൽ?
ലാറ്രിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്രം തടയുക എന്നതാണ് മതിലിന്റെ ലക്ഷ്യം. തീവ്രവാദ അക്രമങ്ങൾ, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്ന സുരക്ഷാപ്രശ്നമായാണ്, ട്രംപ് അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്രത്തെ കാണുന്നത്. വൻമതിൽ പണിതാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം എന്നതാണ് ട്രംപിന്റെ വാദം. യഥാർത്ഥത്തിൽ മതിൽ നിർമ്മാണം കൊണ്ട് അനധികൃത കുടിയേറ്റം തടയാനാവില്ല. ദുർഘടം പിടിച്ച പ്രദേശത്ത് മതിൽ നിർമ്മാണം എളുപ്പവുമല്ല. മികച്ച ഒരു കുടിയേറ്ര നയമാണ് അമേരിക്കയ്ക്ക് ആവശ്യം.
രാഷ്ട്രീയം
യഥാർത്ഥത്തിൽ വ്യത്യസ്ത നിലപാടുകളും സങ്കുചിത രാഷ്ട്രീയവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. തിരഞ്ഞെടുപ്പ് സമയത്തെ പ്രധാന വാഗ്ദാനം നിറവേറ്റി രാഷ്ട്രീയലാഭം കൊയ്യുകയാണ് ട്രംപിന്റെ ലക്ഷ്യം. ഈ മതിൽ അമേരിക്കൻ ജനാധിപത്യത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന വാദമാണ് എതിരാളികൾ ഉയർത്തുന്നത്. മതിൽ നിർമ്മിക്കാനുള്ള തടസമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നത് ഡെമോക്രാറ്റുകളുടെ എതിർപ്പാണ്. തീവ്രദേശീയവാദികളെ സംതൃപ്തരാക്കാനാണ് ഭരണപ്രതിസന്ധിയുണ്ടായിട്ടും ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത്. വേണ്ടിവന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മതിൽ പണിയുമെന്ന് ട്രംപ് പറഞ്ഞ് കഴിഞ്ഞു. ചുരുക്കത്തിൽ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇരുപക്ഷക്കാരുടെയും നിലപാടുകൾ.
(ലേഖകൻ കേരള സർവകലാശാലയിൽ പൊളി റ്റിക്സ് അദ്ധ്യാപകനാണ്. ഫോൺ : 9447145381)