ശബരിമല: പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ മുടി നരപ്പിച്ച് വേഷപ്രച്ഛന്നയായി കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപച്ചേക്കും. അഡ്വ.ബിന്ദു, കനകദുർഗ എന്നിവർക്ക് പിന്നാലെ കൊല്ലം ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.
എന്നാൽ സംഭവം പൊലീസോ ദേവസ്വം ബോർഡോ സർക്കാരോ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചത് പൊലീസിന്റെ അറവോടെയാണോയെന്നും ആണെങ്കിൽ ആരുടെ നിർദ്ദേശ പ്രകാരമാണ് അനുമതി നൽകിയതെന്നും പൊലീസിന്റെ അറവോടെയല്ല പ്രവേശിച്ചതെങ്കിൽ സുരക്ഷാ വീഴ്ചയാണെന്നും പന്തളം കൊട്ടാരം കോടതിയെ ബോധിപ്പിക്കും.
ഇത്തരത്തിൽ വേഷപ്രച്ഛന്നരായി മാവോയിസ്റ്റുകൾക്കും തീവ്രവാദികൾക്കും സന്നിധാനത്ത് കടന്നുകൂടാമെന്നും ഇത് ശബരിമലയുടെ സുരക്ഷയ്ക്ക് വൻ വീഴ്ചയാണ് വരുത്തുന്നതെന്ന ആശങ്കയും പന്തളം കൊട്ടാരം കോടതിയിൽ ധരിപ്പിക്കും. യുവതീ പ്രവേശനം സാദ്ധ്യമാക്കുമെന്ന സർക്കാർ നിലപാടിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കൊട്ടാരം ഒരുങ്ങുന്നത്.
തകർക്കാൻ സർക്കാർ ഗൂഢശ്രമം
ശബരിമലയെ തകർക്കാനുള്ള സർക്കാരിന്റെ ഗൂഢശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനാലാണ് ആക്ടിവിസ്റ്റുകളെ ഇരുളിന്റെ മറവിലും വേഷം കെട്ടിച്ചും എത്തിക്കുന്നത്. ഇതിന് പിന്നിലെ സർക്കാർ അജണ്ട വ്യക്തമാണ്. വിശ്വസികൾക്ക് മർദ്ദനവും അവിശ്വാസികൾക്ക് പരവതാനിയും വിരിക്കുന്ന സമീപനമാണ് സർക്കാരന്റേത്.
നാരായണ വർമ്മ, പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി