trinamul-congress

ന്യൂഡൽഹി: ജനങ്ങൾ വിധിയെഴുതുന്നതിന് മുമ്പ് സ്വന്തം പാളയത്തിൽ നിന്ന് തന്നെ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി. പാർട്ടി എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ നിരവധി എം.പിമാർ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരാനുള്ള ഒരുക്കത്തിലാണ്. സൗമിത്ര ഖാനെ കൂടാതെ തിരഞ്ഞെടുപ്പിന് മുമ്പ് അ‌ഞ്ചോളം എം.പിമാർ കൂടി പാർട്ടി വിടുമെന്ന് ബി.ജെ.പി നേതാവും മുൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ മുകുൾ റോയ് അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ ബോൽപൂർ എം.പി അനുപം ഹസ്‌റ കൂടി താൻ ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ചത് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മമതാ ബാനർജിക്ക് കനത്ത തിരിച്ചടിയായി.

തൃണമൂൽ കോൺഗ്രസ് എം.പിമാരെ മുഴുവൻ ബി.ജെ.പിയിലെത്തിക്കുന്നത് ഒരു കാലത്ത് പാർട്ടിയുടെ രണ്ടാമനും മമതാ ബാനർജിയുടെ വിശ്വസ്‌തനുമായിരുന്ന മുകുൾ റോയിയുടെ നേതൃത്വത്തിലാണ്. ബി.ജെ.പി വിരുദ്ധ ചേരിയുണ്ടാക്കാൻ ഈ മാസം 19ന് കൊൽക്കത്തയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനിരിക്കെയാണ് മറുതന്ത്രവുമായി ബി.ജെ.പി രംഗത്തെത്തിയത്. ആറോളം പേർ ഇതിനോടകം തന്നെ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരെല്ലാം ഉടനെ ബി.ജെ.പിയിൽ ചേരുമെന്നുമാണ് മുകുൾ റോയി പറയുന്നത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല. തൃണമൂൽ എംപിമാരായ അർപിതാ ഘോഷ്, ശതാബ്ദി റോയ് എന്നിവരും പാർട്ടി വിട്ടേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

അതേസമയം,അഴിമതിക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാർട്ടി പുറത്താക്കിയ നേതാക്കന്മാരാണ് ബി.ജെ.പിയിൽ ചേരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസിൽ മമതാ ബാനർജിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഇനി ബി.ജെ.പിയിൽ ചേർന്ന് നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സൗമിത്ര ഖാൻ പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ ഇപ്പോൾ ജനാധിപത്യമല്ല നടക്കുന്നത്. മറിച്ച് പൊലീസ് രാജാണ്. ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്ന് രാജ്യത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ താനും കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.