indian-railways
ദേശീയ പണിമുടക്കിനെതുടർന്ന് വിവിധ തൊഴിലാളി സംഘടനകൾ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ തിരുനൽവേലി പാലരുവി എക്സ്പ്രസ്സ് ട്രെയിൻ തടഞ്ഞപ്പോൾ

കണ്ണൂർ: ദേശീയ പണിമുടക്ക് ദിവസം ട്രെയിൻ തടഞ്ഞതിനാൽ റെയിൽവേക്കുണ്ടായ നഷ്ടം സമരക്കാരിൽനിന്ന് ഈടാക്കാനുള്ള നടപടി തുടങ്ങി. ആർ.പി.എഫ് ആണ് കേസെടുത്തത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 32 കേസുകളാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 32 കേസുകളിലായി നേതാക്കൾ ഉൾപ്പെടെ ആയിരത്തോളം സമരക്കാരാണ് പ്രതിപട്ടികയിലുള്ളത്.

നാല് വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അനധികൃതമായി സ്റ്റേഷനിൽ പ്രവേശിച്ചു, യാത്രക്കാർക്ക് തടസം നിന്നു, റെയിൽവേ ഉദ്യോഗസ്ഥരുടെ കൃത്യനിർനവ്വഹണം തടഞ്ഞു തുടങ്ങിയ വകുപ്പുകളാണ് ചേർത്തിട്ടുള്ളത്. റെയിൽവേ അധികൃതർ എടുത്ത ഫോട്ടോകളിൽനിന്നും വീഡിയോ ദൃശ്യങ്ങൾ നോക്കിയുമാണ് സമരക്കാരെ തിരിച്ചറിയുന്നത്. രണ്ട് വർഷം തടവും 2000 രൂപ പിഴയും ലഭിക്കുന്ന വകുപ്പകളാണ് സമരക്കാർക്ക് മേൽ ചുമത്തിയിട്ടുള്ളത്.

അതേസമയം, പൊതുപണിമുടക്കിനിടെ ജില്ലയിൽ ട്രെയിനുകൾ തടഞ്ഞ സംഭവത്തിൽ മുന്നൂറുപേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. എറണാകുളം നോർത്ത്,​ കളമശേരി,​ തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ നടഞ്ഞ സംഭവത്തിലാണ് കേസ്. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

പണിമുടക്കിന്റെ ആദ്യ ദിനം തൃപ്പൂണിത്തുറയിൽ മാത്രമാണ് ട്രെയിൻ തടഞ്ഞത്. ഇവിടെ അമ്പത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയിലാണ് തൃപ്പൂണിത്തുറയിൽ തടഞ്ഞത്. കളമശേരിയിൽ രാവിലെ 8ന് കോട്ടയം നിലമ്പൂർ പസഞ്ചറും, നോർത്ത് റെയിൽവേ സ്റ്റേഷനിൽ 9.30ന് പാലരുവി എക്സ് പ്രസുമാണ് തടഞ്ഞത്. കളമശേരിയിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ അമ്പത് പേർക്കെതിരെയും എറണാകുളം നോർത്തിൽ 200 പേർക്കെതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. ആലുവയിൽ ട്രെയിൻ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാർച്ച് നടത്തി പ്രവർത്തകർ പിരിഞ്ഞു.

പ്രതികൾക്ക് ഉടൻ നോട്ടീസ് അയച്ച് തുടങ്ങുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാകും അറസ്റ്റ് രേഖപ്പെടുത്തുക. ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. അതേസമം,​ നാല് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെങ്കിലും സ്റ്റേഷൻ ജാമ്യം ലഭിക്കും.പൊതുപണിമുടക്കിന്റെ ഭാഗമായി ട്രെയിനുകൾ തടയുമെന്ന് സമരാനുകൂലികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാൽ സമരാനുകൂലികളെ കുടുക്കാൻ റെയിൽവേ പൊലീസ് മൊബൈൽ കാമറയുൾപ്പടെയുള്ള മുൻകരുതൽ എടുത്തിരുന്നു. എക്സ് പ്രസ് ട്രെയിനുകൾ ഒരു നിമിഷം വൈകിയാൽ 400 രൂപയാണ് റെയിൽവേക്ക് നഷ്ടമുണ്ടാകുക. ട്രെയിനുകൾ രണ്ട് ദിവസം വൈകിയതു മൂലമുള്ള ഭാരിച്ച നഷ്ടം വിലയിരുത്തി സമരക്കാരിൽ നിന്നും പിഴയായി ഈടാക്കാനാണ് നീക്കം. എന്നാൽ,​ ഇത്തരം കേസുകൾ തീർപ്പാക്കുന്ന കാര്യത്തിൽ കാലതാമസം നേരിടാറുണ്ട്.