ന്യൂഡൽഹി: പാർലമെന്റിലെ റാഫേൽ വിവാദവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെ അധിക്ഷേപിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദേശീയ വനിത കമ്മിഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതയെ മറയാക്കി ഒളിച്ചെന്നായിരുന്നു രാഹുലിന്റെ പരാമർശം.
റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടിനെ ചൊല്ലി രാഹുൽ? ഗാന്ധിയും നിർമ്മല സീതാരാമനും നേർക്ക് നേർ വ്കാപോര് നടത്തിയിരുന്നു. ഇതിനിടെയാണ് വിവാദ പരാമർശം. എന്നാൽ രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതിരോധമന്ത്രി വികാരാധീനയായിട്ടാണ് മറുപടി നൽകിയത്.
സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചത്. സ്ത്രീകളെ ബഹുമാനിക്കാൻ രാഹുൽ ശ്രദ്ധിക്കണമെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. അദ്ദേഹത്തിന്റെ വിവാദ പരമാർശത്തിൽ വിശദീകരണം നൽകി ഖേദം പ്രകടിപ്പിക്കാമായിരുന്നു. നിർമ്മല സീതാരാമൻ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. ഒരു വനിതാ പ്രധാനമന്ത്രിയെ ആദ്യമായി രാജ്യത്തിന് നൽകിയ പാർട്ടിയുടെ അദ്ധ്യക്ഷനിൽ ഇത്തരത്തിലൊരു പരാമർശം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.