കൊച്ചി: ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്കെതിരെ കൊലവിളി നടത്തിയ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ഒക്ടോബർ 12ന് ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേയ്‌ക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്.
ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണ്. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു. ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് മതസ്‌പർദ്ദ വളർത്തൽ, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്‌തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസൃതമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തത്.
വിവാദ പരാമർശത്തിൽ കൊല്ലം തുളസി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തിൽ ആവേശം തോന്നിയപ്പോൾ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓൺലെെൻ മാദ്ധ്യമത്തിനോട് പറഞ്ഞു. അയ്യപ്പഭക്തൻ എന്ന നിലയിൽ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാർത്ഥനായോഗത്തിൽ ഇനിയും പങ്കെടുക്കുമെന്നും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവർക്ക് സത്ബുദ്ധി നൽകണമെന്നാണ് പ്രാർത്ഥനായോഗത്തിൽ പ്രാർത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്പത്താണ് അയ്യപ്പൻ. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകൾ കയറി ആചാരങ്ങൾ തെറ്റിക്കാൻ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങൾ തുടരാനുള്ളതാണെന്നും തുളസി നേരത്തെ വ്യക്തമാക്കിയിരുന്നു