കൊല്ലം: ആശ്രാമം മൈതാനം ബൈപ്പാസ് ഉദ്ഘാടനത്തിന്റെ വേദിയാകാൻ സാദ്ധ്യത. ആശ്രാമം ഗസ്റ്റ് ഹൗസ് മൈതാനവും പരിഗണനിയിലുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി സംഘം ഇന്ന് രണ്ട് കേന്ദ്രങ്ങളും പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എസ്.പി.ജി സംഘത്തിന് മുന്നിൽ വേദി സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കാനായി ഉന്നതതല ഉദ്യോഗസ്ഥ സംഘം ഇന്നലെ ബൈപ്പാസ് കടന്നുപോകുന്ന വിവിധ ഭാഗങ്ങളിലും ആശ്രാമത്തും പരിശോധന നടത്തി.
കാവനാട് ആൽത്തറമൂട്, കല്ലുംതാഴം, അയത്തിൽ, മേവറം തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനാവശ്യമായ സ്ഥല സൗകര്യം ഇല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റീജിണൽ ഓഫീസർ വി.വി. ശാസ്ത്രി, കളക്ടർ ഡോ.എസ്. കാർത്തികേയൻ, സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധു, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ഡോ.എസ്. സിനി, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജോൺ കെന്നത്ത്, കൺസൾട്ടൻസി ടീം ലീഡർ എസ്. സെൽവരാജ്, ബൈപ്പാസ് പ്രോജക്ട് മാനേജർ എസ്. ദേവരാജൻ, ജനറൽ മാനേജർ പി.കെ. സുധാകരൻ, സീനിയർ എൻജിനിയർ ജോൺസൺ മാത്യു, ആർ.ഡി.എസ് സി.വി.സി.സി മാനേജ്‌മെന്റ് കോ ഓർഡിനേറ്റർ അനൂപ് ദാമോദരൻ, രാജു കണ്ണമ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
99 ശതമാനം പൂർത്തിയായി
ബൈപ്പാസിന്റെ 99 ശതമാനം പണികളും പൂർത്തിയായെന്നും ശേഷിക്കുന്നത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമെന്നും സ്ഥല പരിശോധനയ്ക്ക് ശേഷം ദേശീയപാത വിഭാഗം മേഖലാ ഓഫീസർ വി.വി. ശാസ്ത്രി പറഞ്ഞു. പാലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിക്കായി നഗരസഭ ഇതുവരെ കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം.
പ്രധാനമന്ത്രി എത്തുന്നത് ഒഡിഷയിൽ നിന്ന്
ഒറീസയിൽ നിന്നാണ് ബൈപ്പാസ് ഉദ്ഘാടനത്തിനും ബി.ജെ.പി റാലിയിൽ പങ്കെടുക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തേക്കെത്തുന്നത്. വിമാനമാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം അവിടെ നിന്ന് ഹെലികോപ്ടറിലാണ് കൊല്ലം ആശ്രാമം മൈതാനത്തെത്തുക.