sabarimala-harthal

കൊല്ലം: സംഘപരിവാർ ഹ‌ർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെയുണ്ടായ ബോംബാക്രണ കേസിന്റെ അന്വേഷണം കൊല്ലത്തേക്കും വ്യാപിപ്പിച്ചതായി സൂചന. കൊല്ലം ജില്ലയിലെ ഒരു ബാർ ഹോട്ടൽ ജീവനക്കാരനെ തേടി പൊലീസ് എത്തിയതായാണ് വിവരം. ജനുവരി 1ന് മദ്യശാല അവധിയായിരുന്ന ദിവസം യുവാവായ ജീവനക്കാരൻ തിരുവനന്തപുരത്ത് ആക്ഷനിൽ പങ്കെടുത്ത ശേഷം തിരികെ പിറ്റേന്ന് മുതൽ ജോലിയിൽ പ്രവേശിച്ചത്രെ. ഇതിനിടെ ഡ്യൂട്ടി സമയത്ത് ജീവനക്കാരൻ മറ്റൊരാളുമായി ഫോണിൽ രഹസ്യമായി നടത്തിയ സംഭാഷണം ശ്രദ്ധിച്ച ആരോ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.

തുടർന്ന് മഫ്‌തിയിൽ തിരുവനന്തപുരത്ത് നിന്ന് പൊലീസുകാർ ബാറിലെത്തി നിരീക്ഷണം നടത്തിയെന്നും ഇതിനുശേഷം ഈ ജീവനക്കാരൻ അവധിയിൽ പോയെന്നുമാണ് വിവരം. എന്നാൽ ജീവനക്കാരന്റെ അടുത്ത ബന്ധുവിന്റെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ടാണ് അവധിയിൽ പോയതെന്ന് ബാറിലെ ഒരു സഹപ്രവർത്തകൻ പറഞ്ഞു. നെടുമങ്ങാട് സി.ഐയെ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ തയ്യാറായില്ല. സംശയനിഴലിലായ ഈ ബാർ ജീവനക്കാരൻ ശബരിമലയിൽ പ്രതിഷേധം നടന്ന സമയത്തും മൂന്ന് തവണ മല കയറിയിരുന്നതായി വിവരം ലഭിച്ചു.