novel

വിജയയെ എത്രയും വേഗം കണ്ടെത്തണമെന്ന് എസ്.പി അരുണാചലം പോലീസ് സേനയ്ക്ക് നിർദ്ദേശം നൽകി.
എന്നാൽ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും അവൾ എവിടെയെന്ന് സൂചന പോലും കിട്ടിയില്ല.


ഇതിന്റെ ഒപ്പം തന്നെ 'റെഡ്' വാട്സ് ആപ്പ് ഗ്രൂപ്പിൽപ്പെട്ട എസ്.ഐമാർ സമാന്തരമായ അന്വേഷണവും നടത്തുന്നുണ്ടായിരുന്നു.
അവസാനം നിരാശയോടെ അവർ ഒത്തുകൂടി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ.


അവിടെ പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.
''എന്നാലും ഒരു ഫോൺകാളിൽ നിന്നുപോലും വിവരം കിട്ടാത്തതാണ് അത്ഭുതം.'
സൈബർ സെൽ എസ്.ഐ ബിന്ദുലാൽ അത്ഭുതപ്പെട്ടു.


''ശത്രുക്കൾ കരുതലോടെ തന്നെയാ ബിന്ദുലാലേ...'
ആർജവ് പറഞ്ഞു:
''മാത്രമല്ല, അനൂപിനെ വധിക്കാനും വിജയയെ കിഡ്നാപ്പ് ചെയ്യാനുമുള്ള മോട്ടീവാണ് പിടികിട്ടാത്തത്.'


''അനൂപ് സായാഹ്നപത്രം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. വിജയയുടെ അമ്മയുമായി സംസാരിച്ചപ്പോൾ കിട്ടിയ അറിവാണ്. പക്ഷേ പത്രം തുടങ്ങും മുൻപ് കൊലപാതകത്തിലേക്ക് നയിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.' ഉദേഷ് കുമാറും പറഞ്ഞു.
എസ്.ഐമാരായ ബഞ്ചമിനും വിഷ്ണുദാസും മാത്രം മിണ്ടിയില്ല.


കടുത്ത ആലോചനയിൽ ബഞ്ചമിൻ ഒരു സിഗററ്റിന് തീ പിടിപ്പിച്ച് പുകയൂതി.
അല്പം കഴിഞ്ഞ് അയാൾ ചുണ്ടനക്കി:
''വിജയ, മുഖ്യമന്ത്രിയുടെ മകനെ കണ്ടെത്താൻ ഇറങ്ങുമെന്ന് ഒരിക്കൽ പറഞ്ഞിരുന്നല്ലോ.. ആ വഴിക്കു നീങ്ങുമ്പോഴാണോ ഇങ്ങനെയൊരു പ്രതികരണം ഉണ്ടായതെന്ന് അറിയില്ലല്ലോ..'


ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് മറ്റുള്ളവർക്കും തോന്നി.
റിങ് റോഡിലൂടെ തുരുതുരെ വാഹനങ്ങൾ പാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു...
തങ്ങളുടെ അന്വേഷണത്തിന് പുതിയ മാർഗങ്ങൾ അവർ ചിന്തിച്ചു.


''സ്പാനർ മൂസയെ എത്രയും വേഗം പിടിക്കണമെന്ന എസ്.പി സാറിന്റെ നിർദ്ദേശവും നടപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.'
വിഷ്ണുദാസ് ബിന്ദുലാലിനു നേരെ തിരിഞ്ഞു.


''സൈബർ സെൽ വഴിയല്ലാതെ ഒന്നിനും ഉത്തരം കിട്ടില്ല. എത്ര ദിവസം അവന്മാർ ഫോൺ ചെയ്യാതിരിക്കും? നമുക്ക് ഒരു തുമ്പുകിട്ടും തീർച്ചയാ....'
അവരങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാന്നിയിൽ ഒരിടത്തുണ്ടായിരുന്നു പിങ്ക് പോലീസ് എസ്.ഐ വിജയ.
ആറ്റിൻ തീരത്തുള്ള ജാതിത്തോട്ടത്തിനു നടുവിലുള്ള ഒരു പഴയ വീട്ടിൽ...


മുകളിൽ നിന്നു തൂക്കിയിട്ടിരുന്ന ഒരു കയറിൽ കൈകൾ ഉയർത്തിക്കെട്ടിയ നിലയിലായിരുന്നു അവൾ.
തൂങ്ങി നിൽക്കുന്നതുപോലെ...!
മുഖം അടിയേറ്റു കരുവാളിച്ചിരുന്നു.
തോൾപലകകൾക്ക് പൊട്ടിപ്പോകുന്ന വേദന.. വായിൽ കുത്തിത്തിരുകിയ തുണി..


നദിയിൽ സാമാന്യം ജലം ഉണ്ടായിരുന്നു. അതിലൂടെ ഒരു കൊച്ചുവള്ളം താഴേക്കു വരുന്നുണ്ടായിരുന്നു അതിൽ രണ്ടുപേർ....
ജാതിത്തോട്ടത്തോട് അടുത്തതും ഒരാൾ വള്ളം കരയിലേക്കു തുഴഞ്ഞടുപ്പിച്ചു.


അപരൻ ചാടിയിറങ്ങി വള്ളത്തിൽ കെട്ടിയിരുന്ന കയർ വലിച്ച് ഒരു മരക്കുറ്റിയിൽ കെട്ടി. ശേഷം രണ്ടാമനു നേർക്കു കൈനീട്ടി.
അയാൾ വള്ളത്തിൽ വച്ചിരുന്ന ഏതാനും പ്ലാസ്റ്റിക് ക്യാരിബാഗുകൾ എടുത്തു നൽകി.


ശേഷം ഇരുളിന്റെ മറപറ്റി ഇരുവരും തോട്ടത്തിലേക്കുള്ള കുത്തുകല്ലുകൾ കയറി.
പകൽപോലും വെളിച്ചം കടന്നു ചെല്ലാത്ത വിധം നിറഞ്ഞുനിൽക്കുകയാണ് ജാതി മരങ്ങൾ. അവയിൽ നിറയെ കായ്കൾ...
അവർ അടിയിലൂടെ നടന്നപ്പോൾ കായ്കൾ തലയിൽ മുട്ടി.


ഒരു അമേരിക്കക്കാരന്റെ തോട്ടമായിരുന്നു അത്.
തോട്ടം സൂക്ഷിപ്പുകാരൻ മാത്രമാണ് ആ കെട്ടിടത്തിൽ താമസം. അയാളാണെങ്കിൽ മദ്യപിച്ചു ബോധമില്ലാതെ ഒരു മുറിയിൽ കിടക്കുകയാണ്..
അയാൾക്ക് ബോധം വീഴുമ്പോഴൊക്കെ, വിജയയെ അവിടെയെത്തിച്ചവർ വീണ്ടും മദ്യം നൽകി സൽക്കരിച്ചുകൊണ്ടിരുന്നു.


വള്ളത്തിൽ വന്ന രണ്ടുപേരും കെട്ടിടത്തിനു മുന്നിലെത്തി.
ചൂണ്ടുവിരൽ മടക്കി ഒരു പ്രത്യേക താളത്തിൽ വാതിലിൽ മുട്ടി.
അടുത്ത നിമിഷം വാതിൽ തുറക്കപ്പെട്ടു. ഗ്രിഗറിയായിരുന്നു അകത്ത്.


അകത്തെ ലൈറ്റിന്റെ മങ്ങിയ വെളിച്ചം പുറത്തേക്കു പാളിവീണു.
അവർ പെട്ടെന്ന് അകത്തുകയറി വാതിലടച്ചു.
പെട്ടെന്ന് ഗ്രിഗറിയുടെ ഫോൺ ശബ്ദിച്ചു. അപ്പുറത്ത് സ്പാനർ മൂസയായിരുന്നു. (തുടരും)