മുംബയ്: ക്രിക്കറ്റ് താരം ഹർദ്ദിക് പാണ്ഡ്യക്കെതിരെയുംലോകേഷ് രാഹുലിനെതിരെയും നടപടിക്ക് ശുപാർശ. ടി.വി ഷോയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ്
ബി.സി.സി.ഐ ഇടക്കാല സമിതി ചെയർമാൻ ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. കുറഞ്ഞത് രണ്ട് മത്സരങ്ങളിലെങ്കിലും വിലക്ക് കല്പിക്കണമെന്നാണ് ശുപാർശ.
ടിവി ചാനൽ ടോക് ഷോയിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും ബി.സി.സി.ഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് താല്കാലിക ചെയർമാന്റെ ശുപാർശ. സോഷ്യൽ മീഡിയയിലൂടെ താങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നതോടെ ഹാർദിക് പാണ്ഡ്യ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന പ്രസിദ്ധമായ ഷോയിലാണ് കഴിഞ്ഞ ദിവസം പാണ്ഡ്യയും ലോകേഷും അതിഥികളായെത്തിയത്. സ്ത്രീകളെക്കുറിച്ചുള്ള കരണിന്റെ ചോദ്യങ്ങൾക്ക് അശ്ളീലം കലർന്ന മറുപടികളാണ് പാണ്ഡ്യ നൽകിയത്. ഇൗ ഉത്തരങ്ങൾ പൊട്ടിച്ചിരിയോടെ സ്വയം ആസ്വദിക്കുകയും ചെയ്തു. ലോകേഷ് രാഹുൽ അത്ര കടുത്ത പ്രയോഗങ്ങൾ ഒന്നും നടത്തിയില്ലെങ്കിലും പാണ്ഡ്യയുടെ വിടുവായത്തം ലോകേഷിനും പണി നൽകുകയായിരുന്നു.