കോട്ടയം: ചെറുമീനുകൾക്ക് ഭീഷണിയായ നട്ടറിനെ (റെഡ് ബെല്ലി) വളർത്തുന്നത് വ്യാപകമായതോടെ സ്വകാര്യ ഫാമുകൾക്കെതിരെ നിലപാട് കടുപ്പിച്ച് ഫിഷറീസ് വകുപ്പ്. നട്ടറിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നാണ് സൂചന. ശുദ്ധജല മത്സ്യങ്ങൾക്ക് ഭീഷണിയായതിനാൽ ഫിഷറീസ് വകുപ്പിന്റെ എല്ലാ പ്രോജക്ടുകളിൽ നിന്നും നട്ടറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ഫാമുകളിൽ നട്ടറിനെ വളർത്തിയാൽ സബ് സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും കർഷകർക്ക് നിഷേധിക്കും.
പ്രളയകാലത്ത് സ്വകാര്യഫാമുകളിൽ നിന്ന് വൻതോതിൽ നട്ടർ മത്സ്യങ്ങൾ ജലാശയങ്ങളിലേക്ക് ചാടിപ്പോയിരുന്നു. ഇത് കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും മത്സ്യസമ്പത്തിന് വൻ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. പ്രളയത്തിന് ശേഷം തോടുകളിൽ നിന്ന് വൻതോതിൽ നട്ടർ മത്സ്യം ലഭിച്ചിരുന്നു. നിലവിൽ നട്ടർ, ആഫ്രിക്കൻ മുഷി മത്സ്യങ്ങളെ വളർത്താൻ സ്വകാര്യ ഫാമുകൾക്ക് ലൈസൻസ് നൽകുന്നില്ല. നിരോധിത മത്സ്യങ്ങളെ ഫാമുകളിൽ നിന്ന് പിടിച്ചെടുത്ത് നശിപ്പിക്കാൻ ഫിഷറീസ് വകുപ്പിന് അധികാരമുണ്ട്.
കർഷകർക്ക് ലാഭക്കൊയ്ത്ത്
മികച്ച ലാഭം നേടാം എന്നതാണ് നട്ടറിനെ വളർത്താൻ മത്സ്യകൃഷിക്കാരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. മികച്ച തൂക്കവും ലഭിക്കും. കോഴി മാലിന്യം, കുളങ്ങളിലെ പായൽ, പുല്ല് തുടങ്ങിയവയും ഇവ ഭക്ഷിക്കും. അതിനാൽ ഇവയെ വളർത്താൻ കർഷകർക്ക് വലിയ പണചെലവില്ല. രുചിയിലും മുമ്പനായതിനാൽ നട്ടർ മത്സ്യങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.
പല്ലുകൾ കാണണം
ആഫ്രിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഇവയുടെ പല്ലുകൾ മനുഷ്യരുടേതിന് സമാനമാണ്. ചെറുമീനുകളെ ഭക്ഷിക്കുന്നതിനാൽ മത്സ്യസമ്പത്തിന് ഭീഷണിയായ പിരാനയെപ്പോലെയാണ് നട്ടറും. ഇന്ത്യയിൽ ബംഗാളിലാണ് ഇവ അധികവും കണ്ടുവരുന്നത്. സമീപകാലത്താണ് കേരളത്തിലെ ജലാശയങ്ങളിലും ഇവ സജീവമായത്.