സൂപ്പർസ്റ്റാർ രജനി, മക്കൾ സെൽവൻ വിജയ് സേതുപതി, ശശികുമാർ, നവാസുദ്ദീൻ സിദ്ദിഖി- ഇവർ ഒരു സ്ക്രീനിൽ ഒന്നിക്കുമ്പോൾ തന്നെ മാസ് ആണ്. കാർത്തിക് സുബ്ബരാജിന്റെ പേട്ട ഈ പ്രതീക്ഷ നിലനിറുത്തി. തമിഴിന്റെ സൂപ്പർ സ്റ്റാറുകളും അനായാസ അഭിനയം കൊണ്ട് ബോളിവുഡിനെ അമ്പരപ്പിക്കുന്ന നവാസുദ്ദീൻ സിദ്ദിഖിയും കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ഒന്നിക്കുമ്പോൾ ആദ്യന്തം രജനികാന്ത് തന്നെ സ്റ്റാർ ആകുന്ന മായാജാലമാണ് പേട്ട.
'ഗെറ്റ് രജനിഫൈഡ്"
രണ്ടര മണിക്കൂറിലധികം നീളുന്ന രജനി വിളയാട്ടം- അതാണ് പേട്ട. 'രജനിഫൈഡ്" ആകാൻ തയ്യാറായെത്തുന്ന ആരാധകരെ ഒട്ടും നിരാശപ്പെടുത്തില്ല ചിത്രം. ചെന്നൈയിലെ ഒരു കോളേജ് ഹോസ്റ്റലിൽ നടക്കുന്ന സംഘർഷത്തിൽ ആരംഭിക്കുന്ന ചിത്രം ഒരു ഫ്ലാഷ് ബാക്ക് യാത്രയാണ്. ചെന്നൈയിലെ ഒരു പ്രമുഖ ആട്സ് ആൻഡ് സയൻസ് കോളേജിന്റെ താത്കാലിക വാർഡൻ ഒഴിവിലേക്ക് മന്ത്രിയുടെ ശുപാർശയിൽ എത്തുകയാണ് കാളി (രനികാന്ത്). റാഗിംഗും പണത്തിന്റെ തേർവാഴ്ചയും നടക്കുന്ന ഹോസ്റ്റൽ പെട്ടെന്നു തന്നെ കാളിയുടെ നിയന്ത്രണത്തിലാകുന്നു. വിദ്യാർത്ഥികളുടെ പ്രിയങ്കരനായി മാറുന്ന കാളി കുറച്ച് വില്ലൻ വിദ്യാർത്ഥികളുടെ കണ്ണിലെ കരടായി മാറുന്നു. കോളേജ് കാമ്പസിലും ഹോസ്റ്റലിലുമായി ചുറ്റിത്തിരിയുന്ന കഥ ആദ്യ പകുതി അവസാനിക്കുന്നതോടെ പുതിയ ട്രാക്ക് പിടിക്കും. പിന്നെ കഥ പേട്ടയുടേതാണ്. പേട്ട എങ്ങനെ കാളിയെന്ന ഹോസ്റ്റൽ വാർഡനായെന്ന് രണ്ടാം ഭാഗം പറയും. വിജയ് സേതുപതി, ശശികുമാർ, നവാസുദ്ദീൻ സിദ്ദിഖി എന്നിവർ കൂടിയെത്തുന്ന രണ്ടാം പകുതിയിൽ ചിത്രം 'മരണമാസി"ലേക്ക് ഉയരുന്നു. രജനി മാസിനുവേണ്ടിയുള്ള വെറും തട്ടുപൊളിപ്പൻ കഥയല്ല കാർത്തിക് സുബ്ബരാജിന് പറയാനുള്ളത്. പഴയ കാല രജനി ചിത്രങ്ങളിലേതു പോലെ നന്മ നിറഞ്ഞ ഒരു സുഹൃത്തായും കുടുംബസ്ഥനായുമാണ് പേട്ട എത്തുന്നത്.
കാഴ്ചയിൽ കുരുക്കിയിടും
രജനിഫൈഡ് ആകുന്നതിനൊപ്പം പ്രേക്ഷകരെ മാഗ്നിഫൈഡ് ആക്കുന്നത് തിരുവിന്റെ ഛായാഗ്രഹണം തന്നെയാണ്. ഹേ റാം, ആളവന്താൻ, പുനർജനി, ഹങ്കാമ, കീർത്തി ചക്ര, ക്രിഷ് 3, ഭൂൽ ഭുലയ്യ, 24 തുടങ്ങി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച തിരുവിന്റെ പേട്ട കാഴ്ചകൾ അതി മനോഹരമാണ്. നിറങ്ങൾ കൊണ്ട് നിറച്ച ഓരോ ഫ്രെയിമും കഥയ്ക്കു മുമ്പേ പ്രക്ഷേകരെ കാഴ്ചയിൽ കുരുക്കിയിടും. ഇൻഡോർ ഔട്ട്ഡോർ ലൊക്കേഷനുകളെ ഒരേ പോലെ മനോഹരമാക്കാൻ കാമറയ്ക്ക് സാധിക്കുന്നു. ചുകപ്പും മഞ്ഞയും നിറയുന്ന ഫ്രെയിമുകളും പ്രേക്ഷകരെ പിറകെ ഓടിക്കുന്ന കാമറാ മൂവ്മെന്റുകളും അതിഗംഭീരമാണ്.
മാസ് പാട്ട് ,ഫൈറ്റ്
മാസ്.. മരണം... മാസ്... എന്ന ഗാനമടക്കം നാല് മാസ് ഗാനങ്ങളാണ് പേട്ടയുടെ മറ്റൊരു പ്രത്യേകത. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം തുടക്കം മുതൽ ശ്രദ്ധിക്കപ്പെടുന്നെങ്കിലും ആവേശമുയർത്തുന്നത് രണ്ടാം പകുതിയോടെയാണ്. രജനിയുടെ നൃത്ത രംഗങ്ങൾക്കൊപ്പം സിനിമയുടെ മൂഡിനൊത്ത ഗാനങ്ങളാണ് പേട്ടയെ ഒരു കൃത്യമായ രജനി ചിത്രമാക്കി മാറ്റുന്നത്. പീറ്റർ ഹെയ്‌നിന്റെ സംഘട്ടനരംഗങ്ങൾ ആദ്യ പകുതിയിൽ ഗംഭീരമായെങ്കിലും പിന്നീട് പറയത്തക്ക മികവു കാട്ടിയില്ല. എന്നാൽ മൂന്നു മണിക്കൂറോളമുള്ള ചിത്രത്തിന്റെ ദൈർഘ്യം രജനി ഫാൻസിനെ പോലും ഒരല്പം നിരാശപ്പെടുത്തിയേക്കും.
പേട്ടയുദ്ധത്തിന്റെ രാഷ്ട്രീയം
മതവൈര്യത്തിന്റെ കാലഘട്ടത്തിൽ മനോഹരമായൊരു ഹിന്ദു- മുസ്ലിം സൗഹൃദം ചർച്ച ചെയ്യാനാണ് പേട്ട ശ്രമിക്കുന്നത്. ഒപ്പം തീവ്ര വലതുപക്ഷ ആശയങ്ങളെ എതിക്കുന്നുമുണ്ട് കാർത്തിക് സുബ്ബരാജ്. ഗോവധ കലാപം അടക്കമുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം യഥാർത്ഥ ധർമ്മ വിജയമെന്തെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞുവയ്ക്കുന്നു.
രജനികാന്തിനൊപ്പം വിജയ് സേതുപതിയും നവാസുദ്ദീൻ സിദ്ദിഖിയുമടക്കം കഴിവുള്ള താരങ്ങൾ ഫ്രെയിമിലെത്തുന്നുണ്ടെങ്കിലും അവരെ കൃത്യമായി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. രണ്ടാം പകുതിയോടെ മാത്രമെത്തുന്ന വിജയ് സേതുപതിക്കും നവാസുദ്ദീൻ സിദ്ദിഖിക്കും ചെയ്തുകാണിക്കാൻ ഏറെയില്ല. ഇവർക്കൊപ്പമുള്ള സീനുകളിൽ പോലും രജനിയുടെ മേൽക്കൈ വ്യക്തമാണ്. പേട്ടയെന്ന കഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കുമ്പോൾ ശശികുമാറിന്റെ മാലിക്കും വിജയ് സേതുപതിയുടെ ജിത്തുവും നവാസുദ്ദീൻ സിദ്ദിഖിയുടെ സിംഗാറും തീരെ ആഴമില്ലാത്ത കഥാപാത്രങ്ങളാണ്. പേട്ടയുടെ ഭാര്യ സരോ ആയി തൃഷ, മാലിക്കിന്റെ ഭാര്യയായി മാളവിക മോഹൻ, മംഗളം എന്ന കഥാപാത്രമായി സിമ്രാൻ എന്നിവരെല്ലാം വന്നുപോകുന്നെങ്കിലും സുപ്രധാന റോളുകളൊന്നും കൈകാര്യം ചെയ്യാനില്ല. എന്നാൽ ബോബി സിംഹയുടെ മൈക്കിൾ, മലയാളി സാന്നിദ്ധ്യമായി മണികണ്ഠൻ എന്നിവർ നല്ല പ്രകടനം കാഴ്ചവച്ചു.
പാക്കപ്പ് പീസ്: ഗെറ്റ് രജനിഫൈഡ്
റേറ്റിംഗ് : 3.5/5