പാട്ന: പാട്നയിൽ പതിനാറുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പാട്നയിൽ നിന്ന് 111 കിലോമീറ്റർ അകലെ ഗയയിലാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഘം ചെയ്‌താണ് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. എന്നാൽ, ദുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.
ഡിസംബർ 28നാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ജനുവരി ആറിന് വീടിനു സമീപത്ത് അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയെ കാണാതായ ഉടൻ പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബവും പറഞ്ഞു. എന്നാൽ, നാലു ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ദുരഭിമാനക്കൊലയാണെന്ന് പൊലീസ് ആരോപിക്കുന്നതായി കുടുംബം പറഞ്ഞു. പെൺകുട്ടി ഡിസംബർ 31ന് തിരികെ എത്തിയെന്ന് മാതാവും സഹോദരിമാരും പറഞ്ഞതായി ഗയയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് മിശ്ര വ്യക്തമാക്കി.
പെൺകുട്ടി തിരിച്ചെത്തിയ ദിവസം രാത്രി പത്തിന് കുട്ടിയുടെ പിതാവ് അവർക്കറിയുന്ന ഒരാളുടെ കൂടെ അവളെ പറഞ്ഞയച്ചു. കുട്ടിയെ കൊണ്ടുപോയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഫോൺ വിവരങ്ങൾ നൽകുന്ന സൂചന. പെൺകുട്ടി ബലാൽസംഗത്തിനിരയായോ ഇല്ലയോ എന്നറിയാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.