ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ബി.ജെ.പിക്ക് അതിർത്തി സംസ്ഥാനങ്ങളിൽ തിരിച്ചടി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ ബി.ജെ.പിയുമായി ചേർന്ന പാർട്ടികൾ സഖ്യ കക്ഷി ബന്ധം ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് തുടക്കം കുറിച്ച് അസം ഗണപരിഷത്ത് ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ കൂടുതൽ പാർട്ടികളും രംഗത്തെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ ഉയർന്നുവരുന്ന ഇത്തരം വെല്ലുവിളികൾ ബി.ജെ.പിക്ക് ദോഷം ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ. കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ബില്ലാണ് ബി.ജെ.പിക്ക് ഇപ്പോൾ തിരിച്ചടി നേരിടാനുള്ള പ്രധാനകാരണം. കോൺഗ്രസിനെ കൂടാതെ ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ടിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടികളെല്ലാം ബില്ലിന് എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. ഭരണഘടനയുടെ ആത്മാവിന് ചേർന്ന ബില്ലല്ലെന്നാണ് എല്ലാവരുടെയും വാദം.
കേന്ദ്രത്തിന്റെ പൗരത്വ ബില്ലിനെതിരെ മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ പാസാക്കിയ ബില്ല് നിർഭാഗ്യകരമാണെന്ന് മേഘാലയ മുഖ്യമന്ത്രി കൊർണാഡ് സാങ്മ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുമായി സഖ്യം തടുരണമോ എന്ന കാര്യത്തിൽ ആലോചന നടക്കുകയാണെന്നാണ് സാങ്മ പറഞ്ഞു. ബിൽ പാർലമെന്റിൽ പാസായതോടെയാണ് അസം ഗണപരിഷത്ത് ബി.ജെ.പിയുമായുള്ള സംഖ്യം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ മൂന്നോളം പാർട്ടികൾ ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം.
എന്നാൽ ഇക്കാര്യങ്ങളൊന്നും ബി.ജെ.പിക്ക് തിരിച്ചടിയാവില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
പുതിയ പൗരത്വ ബില്ല് ബംഗാളിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടി കരുതുന്നത്. മാത്രമല്ല, ലോക്‌സഭാ മണ്ഡലങ്ങൾ ഈ മേഖലയിൽ കുറവാണ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടിയുണ്ടാകില്ല. അതേസമയം, ഇവിടെ നഷ്ടമാകുന്ന സീറ്റുകൾ ബംഗാളിലും ദക്ഷിണേന്ത്യയിലും പിടിക്കാനാണ് ബി.ജെ.പി തീരുമാനം.