കൊച്ചി: സംസ്ഥാനത്ത് എ.ടി.എം, ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പൊലീസ് സർവ സന്നാഹങ്ങളും ഉപയോഗിക്കുമ്പോൾ പുതിയ വഴികൾ കണ്ടെത്തി തട്ടിപ്പ് അടവുകൾ പരീക്ഷിക്കുകയാണ് ഉത്തരേന്ത്യൻ ലോബി. സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനായ ട്രൂ കോളർ ആയുധമാക്കിയാണ് തട്ടിപ്പുകാർ പുതിയ കളമൊരുക്കിയിരിക്കുന്നത്. കൈയിലുള്ള നമ്പർ ട്രൂ കോളറിൽ ഡയൽ ചെയ്ത് പേര് മനസിലാക്കിയാണ് തട്ടിപ്പ്. ആ പേരുകാരനെ വിളിച്ച് ചിപ്പ് എ.ടി.എം കാർഡിലേക്ക് ഉടൻ മാറണമെന്നും അല്ലെങ്കിൽ പിഴയടയ്ക്കേണ്ടിവരുമെന്നും കാർഡ് ബ്ലോക്കാക്കും എന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലീസിന് വിവരം ലഭിച്ചു. സ്ത്രീകൾക്ക് പ്രത്യേക പരിശീലനം നൽകി കോൾ സെന്റർ മാതൃകയിൽ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നേരത്തെ, ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
അടുത്തിടെയാണ് പണമിടപാടിന് എ.ടി.എം ചിപ്പ് കാർഡ് നിർബന്ധമാക്കിയത്. ഇതിന് പിന്നാലെയാണ് തട്ടിപ്പ് സംഘവും അടവ് മാറ്റിയത്. ചിപ്പ് എ.ടി.എം കാർഡുകൾ നൽകുന്നതിന്റെ ഭാഗമായി വിളിക്കുകയാണെന്ന് പറഞ്ഞാണ് കോളുകൾ വരുന്നത്. നിലവിലെ എ.ടി.എം കാർഡ് മരവിപ്പിക്കുമെന്നും അതിനാൽ ഫോണിൽ വന്നിരിക്കുന്ന കോഡ് പറഞ്ഞു നൽകണമെന്നുമാകും ആവശ്യം. കോഡ് അപ്പോൾതന്നെ പറഞ്ഞു തന്നാൽ പുതിയ കാർഡ് വേഗത്തിൽ അയച്ച് നൽകാമെന്നും അല്ലെങ്കിൽ കാലതാമസമുണ്ടാകുമെന്നും അറിയിക്കും. ഇംഗ്ലീഷിലാണ് വിളിയെത്തുന്നത്. ബാങ്ക് വിവരങ്ങൾ കൃത്യതയോടെ പറഞ്ഞ് ഫലിപ്പിച്ചാണ് തട്ടിപ്പുകാർ കാർഡ് ഉടമകളെ കെണിയിൽ വീഴ്ത്തുന്നതെന്ന് പൊലീസ് പറയുന്നു.
ഇത് ഹെഡ് ഒാഫീസിലെ കാര്യം !
ഒരു ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് അടുത്തിടെ കൊച്ചിയിലെ യുവതിക്ക് ഫോൺ കോളെത്തിയത്. നിലവിലെ എ.ടി.എം കാർഡിന്റെ കാലാവധി തീരാറായി എന്നും ഇതിന്റെ എസ്.എം.എസ് സന്ദേശം വന്നിരിക്കുമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. എന്നാൽ, യുവതി ബാങ്കിന്റെ ബ്രാഞ്ചിൽ അന്വേഷിച്ചിട്ട് തിരികെ വിളിക്കാമെന്ന് അറിയിച്ചു. ഇതോടെ, തന്ത്രം മാറ്റി. ഇത് ഹെഡ് ഓഫീസിലെ കാര്യമാണെന്നും ബ്രാഞ്ചിലുള്ളവർക്ക് ഇക്കാര്യം അറിയില്ലെന്നുമായിരുന്നു മറുപടി. എ.ടി.എം കാർഡ് കൈയിലില്ല എന്നായതോടെ എത്രയും വേഗം കാർഡെടുത്ത് നമ്പർ പറയണം എന്നും അല്ലെങ്കിൽ കാർഡ് മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി ഫോൺ കട്ട് ചെയ്യുകയായിരുന്നു.