ദുബായ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രവാസി മനസിലേക്ക് കടന്ന് കയറാനുള്ള നിർണായക നീക്കവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ സമൂഹത്തെ കാണാൻ നാളെ യു.എ.ഇയിലെത്തുന്ന രാഹുൽ രണ്ട് ദിവസം രാജ്യത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ രാഹുൽ അവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് കോൺഗ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്. കൂടാതെ അവധി ദിവസമായ വെള്ളിയാഴ്‌ച ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ അരലക്ഷത്തോളം ഇന്ത്യാക്കാർ പങ്കെടുക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
രാഹുലിന്റെ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ലെന്നാണ് എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസിന്റെ പ്രതികരണം. എന്നാൽ യു.എ.ഇയിലെ പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് രാഹുൽ കൂടിക്കാഴ്‌ചകൾ നടത്തും. പ്രവാസികൾക്കിടയിലെ അകാല മരണം അടക്കമുള്ള വിഷയത്തിൽ രാഹുൽ പരാതികൾ കേൾക്കും. പ്രവാസികളുടെ പ്രശ്‌നങ്ങൾ അടങ്ങിയ നിവേദനം രാഹുലിന് കൈമാറുകയും ചെയ്യും. ഇത് പാർലമെന്റിൽ ചർച്ചയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്‌ച ആയിരക്കണക്കിന് ഇന്ത്യാക്കാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരിപാടി സംഘടിപ്പിക്കും. വിവിധ എമിറേറ്റുകളിൽ നിന്ന് പരിപാടിക്കെത്താൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം ബസുകളാണ് പരിപാടിക്ക് ആളുകളെ എത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയിൽപങ്കെടുക്കുന്നവർക്ക് ഭക്ഷണം അടക്കമുള്ള സംവിധാനങ്ങൾ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അമേരിക്ക, ലണ്ടൻ, ജർമനി, ബഹറിൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്‌ത് സംസാരിച്ച മാതൃകയിലായിരിക്കും പരിപാടി. സന്ദർശനത്തിനിടെ രാജ്യത്തെ മന്ത്രിമാരുമായും ബിസിനസ് പ്രമുഖരുമായും രാഹുൽ കൂടിക്കാഴ്‌ച നടത്തും.
അതേസമയം, കാലങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന തങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ഒരു നേതാവ് വരുന്നത് നല്ല കാര്യമാണെന്നാണ് മലയാളികൾ അടക്കമുള്ള പ്രവാസികളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വോട്ടിന് വേണ്ടി മാത്രം നടത്തുന്ന സന്ദർശനമായി ഇത് ഒതുങ്ങരുതെന്നും ഇവർ ആവശ്യപ്പെടുന്നു. കടൽകടന്നെത്തി ഇന്ത്യാക്കാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള രാഹുലിന്റെ തന്ത്രം ബി.ജെ.പിയും കരുതലോടെയാണ് നോക്കിക്കാണുന്നത്.