അംതാർ:രഞ്ജി ട്രേഫി മത്സരത്തിൽ കേരളത്തിന് നാടകീയ ജയം. ഹിമാചലിനെ ഞെട്ടിച്ച് സീസണിലെ കേരളത്തിന്റെ നാലാം ജയമാണിത്. കേരളം 297 റൺസ് എന്ന ലക്ഷ്യം മറികടന്നാണ് ജയത്തിലെത്തിയത്. 8 കളിയിൽ 26 പോയിന്റ് നേടി തുടർച്ചയായി രണ്ടാം തവണയാണ് കേരളം ക്വാർട്ടറിലെത്തുന്നത്. അഞ്ചു വിക്കറ്റിനാണ് കേരളം ആതിഥേയരെ പരാജയപ്പെടുത്തിയത്.
രണ്ടാം ഇന്നിംഗ്സിൽ സ്‌കോർ 285ൽ നിൽക്കെ ഹിമാചൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്‌തു. നോക്കൗട്ടിലെത്താൻ വിജയം അനിവാര്യമായിരുന്ന കേരളത്തിന് സ്‌കോർ 35ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 96 റൺസെടുത്ത വിനൂപിന്റെയും 92 റൺസെടുത്ത സച്ചിൻ ബോബിയുടേയും മികവിലാണ് വിജയിച്ചത്. 61 റൺസുമായി സഞ്ജു സാംസൺ പുറത്താകാതെ നിന്നു. പി. രാഹുൽ (14), സിജോമോൻ ജോസഫ് (23), മുഹമ്മദ് അസ്ഹറുദ്ദീൻ (0), വിനൂപ് (96), സച്ചിൻ ബേബി (92) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ 11 റൺസിന്റെ ലീഡു നേടിയ ഹിമാചൽ, മൂന്നാം ദിനം കളി നിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനം ആദ്യ സെഷനിൽ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്കു നീങ്ങിയ കേരളം 18 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായപ്പോൾ ഹിമാചൽ ലീഡ് നേടി. നാലാം ദിനം പോരാട്ടം കരുത്തുറ്റതായിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആതിഥേയർക്ക് ഋഷി ധവാൻ (96 പന്തിൽ ഏഴു ബൗണ്ടറി സഹിതം 85), അങ്കിത് കൽസി (96 പന്തിൽ ആറു ബൗണ്ടറി സഹിതം 64) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോർ ഉറപ്പാക്കിയത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലായിരുന്ന ഹിമാചൽ. ശേഷം ഹിമാചലിന്റെ സ്കോർനില തകരുകയായിരുന്നു.