കഴിഞ്ഞ ദിവസമാണ് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. 'ഖമറുനീസ'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സന്തോഷ് ത്രിവിക്രമനാണ് തിരക്കഥ. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അധികം വൈകാതെ തന്നെ ആരംഭിക്കും. ഖമറുനിസയിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും പ്രധാന കഥാപാത്രമായി എത്തുക ക്രിക്കറ്റ് താരം ഇർഫാൻ പഠാനാണെന്നാണ് അറിയുന്നത്. പഠാനുമൊത്തുള്ള ചിത്രം സംവിധായകൻ പുറത്തുവിട്ടതാണ് ഈ വാർത്തയ്ക്ക് ബലമേകിയത്.
ഇർഫാൻ പഠാന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ഒഫീഷ്യൽ അനൗൺസ്മെന്റുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല. ഫഹദ് ഫാസിൽ- സ്വാതി റെഡ്ഡി- നെടുമുടി വേണു ടീം ഒന്നിച്ച നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ആറു വർഷം മുൻപാണ് അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം പൃഥ്വിരാജ് നായകനായ സപ്തമശ്രീ തസ്കരാ, കുഞ്ചാക്കോ ബോബൻ നായകനായ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് എന്നിവയും അനിൽ ഒരുക്കി. പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും എന്ന് തന്നെയാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.