കങ്കണ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണികർണിക: ദ ക്വീൻ ഒഫ് ഝാൻസി. ആ ചിത്രം തന്നെ ഏറെ കരുത്തയാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് താരം, മണികർണിക ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വരുന്ന 25നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ സഹ സംവിധായിക കൂടിയാണ് കങ്കണ. 'പരിപൂർണയായ ഒരു സ്ത്രീയെ അവതരിപ്പിക്കുക എന്നു പറഞ്ഞാൽ അത്ര എളുപ്പമല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങിയ സമയത്ത് ഞാൻ വളരെ അസ്വസ്ഥയായിരുന്നു. പക്ഷേ ചിത്രീകരണം പുരോഗമിക്കവേ ഝാൻസി റാണി എന്നെ കരുത്തയാക്കുകയായിരുന്നു. ഈ സിനിമ ആദ്യം ഏറ്റെടുക്കുമ്പോൾ ഞാൻ ചിന്തിച്ചത്, ഇതുവരെ എന്താണ് ആരും റാണി ലക്ഷ്മിഭായിയെ കുറിച്ച് ഒരു സിനിമ ഇതുവരെ ചെയ്യാതിരുന്നത് എന്നാണ്. അതുകൊണ്ടു തന്നെ വലിയൊരു ഭാഗ്യമായാണ് ഈ വേഷത്തെ ഞാൻ നോക്കി കാണുന്നത്.
ദേശസ്നേഹത്തെക്കുറിച്ചും യഥാർത്ഥ ദേശസ്നേഹികളുടെ വികാരത്തെ കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. മണികർണികയിൽ സ്നേഹത്തിന്റെ വീക്ഷണ ആംഗിളുകൾക്ക് അപ്പുറം പോയി രണ്ടു വ്യക്തികൾക്കിടയിലെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. ചിത്രീകരണം തുടങ്ങുമ്പോൾ എനിക്ക് 50 പൗണ്ട് തൂക്കമേ ഉണ്ടായിരുന്നുള്ളൂ, ഒരു യോദ്ധാവിനെപ്പോലെ തോന്നുമായിരുന്നില്ല. പതിയെ ഞാൻ സ്റ്റാമിന കൂട്ടി. ക്രമേണ എന്റെ ശരീരഭാരം കൂട്ടി. 10 മുതൽ 12 മണിക്കൂർ ഒക്കെ പ്രാക്ടീസ് ചെയ്താലും അതാസ്വദിക്കാൻ തുടങ്ങി. സിനിമയ്ക്കു വേണ്ടി വാൾപയറ്റും കുതിര സവാരിയുമെല്ലാം പഠിച്ചു, അതെല്ലാം തീർത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തിലേക്കാണ് എന്നെ കൂട്ടികൊണ്ടുപോയത്'- കങ്കണ പറയുന്നു.