താരങ്ങളെ മനോഹരമായി വരയ്ക്കുന്നവർ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. ആ ചിത്രങ്ങളിൽ പലതും തങ്ങളുടെ ഫേസ്ബുക്കിലൂടെ താരങ്ങൾതന്നെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ടൊവിനോ തോമസ് പങ്കുവച്ചത് വെറും ചിത്രമല്ല, വളരെ രസകരമായൊരു കാർട്ടൂണാണ്. ഒരു അഭിമുഖത്തിൽ തനിക്കു പറ്റിയ അമളിയെക്കുറിച്ച് ടൊവിനോ നടത്തിയ വെളിപ്പെടുത്തലാണ് ഷമിൽ എന്ന ആരാധകൻ കാർട്ടൂണാക്കി മാറ്റിയത്. ടൊവിനോ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇത് പങ്കുവച്ചത്. 'അതും വരച്ചോ..' എന്ന അടിക്കുറിപ്പോടെയാണ് ദുൽഖറും ടൊവിനോയുമുള്ള ആ ഡ്രോയിംഗ് പങ്കുവച്ചിരിക്കുന്നത്.
ആരാധകർ തിരിച്ചറിയുന്നതും ഓടി വന്ന് കെട്ടിപിടിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതുമൊക്കെ താരങ്ങളെ സംബന്ധിച്ച് പുതിയ അനുഭവമല്ല. പക്ഷേ പിന്നീട് ഓർമ്മിക്കുമ്പോൾ പൊട്ടിച്ചിരി സമ്മാനിക്കുന്ന രസകരമായ ഒരു അനുഭവത്തെ കുറിച്ചാണ് ടൊവിനോ പറഞ്ഞത്. 'മായാനദിയുടെ ഷൂട്ടിംഗ് സമയത്ത് കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവാൻ എയർപോർട്ടിൽ എത്തിയതായിരുന്നു ഞാൻ. ദുൽഖർ സൽമാനും അതേ ഫ്ളൈറ്റിൽ ചെന്നൈയിലേക്ക് പോവാൻ അവിടെ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിർന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. ഞാൻ ഓർത്തു, ദുൽഖറിനെ കാണാൻ വരുവായിരിക്കും. ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവർ ദുൽഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്. ഞാൻ ഞെട്ടിപ്പോയി.
ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ എനിക്ക് സന്തോഷം തോന്നി.ആ സന്തോഷത്തിൽ അങ്ങനെ നിൽക്കുമ്പോഴാണ് ആ സ്ത്രീ സ്നേഹത്തോടെ വിളിക്കുന്നത്, “മോനേ ഉണ്ണിമുകുന്ദാ.” അതുകേട്ട് ദുൽഖർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷേ ഞാനവരെ തിരുത്താൻ ഒന്നും പോയില്ല. ടൊവിനോ തോമസ് എന്നു പറഞ്ഞാൽ അവർക്ക് അറിയില്ലെങ്കിൽ ഞാനെന്തുചെയ്യും?” ടൊവിനോയുടെ ഈ ചമ്മൽ നിമിഷത്തെയാണ് ഷമിൽ മനോഹരമായൊരു കാർട്ടൂണാക്കിയത്.