gst

ന്യൂഡൽഹി: കേരളത്തിൽ പ്രളയ സെസ് പിരിക്കാൻ ജി.എസ്.ടി കൗൺസിൽ അനുമതി നൽകി. ഒരു ശതമാനം സെസ് രണ്ട് വർഷത്തേക്ക് പിരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേരളത്തിനകത്ത് മാത്രമാണ് സെസ് പിരിക്കാനുള്ള അനുമതി. ഏതെല്ലാം ഉൽപ്പന്നങ്ങളുടെ ജി.എസ്.ടിയിൽ പ്രളയ സെസ് പിരിക്കാമെന്നും കൗൺസില്‍ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജി.എ.സ്ടി രജിസ്‌ട്രേഷൻ പരിധി 20ൽ നിന്നും 40 ലക്ഷമാക്കി ഉയർത്തി. ചെറുകിട വ്യവസായികൾക്കും വ്യാപാരികൾക്കും ഇത് ഗുണം ചെയ്യും. ജിഎസ്ടി രജിസ്‌ട്രേഷൻ പരിധി 50 ലക്ഷമാക്കി ഉയർത്തണമെന്നായിരുന്നു ഉപസമിതിയുടെ നിർദ്ദേശം.

ഇനി മുതൽ കോംപോസിഷൻ സ്‌കീമിന് കീഴിൽ വരുന്നവർ വർഷത്തിൽ ഒരിക്കൽ മാത്രം റിട്ടേൺ സമർപ്പിച്ചാൽ മതിയാകും. നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകൾക്കും റെസിഡൻസികൾക്കും ജി.എസ്.ടി നിരക്ക് 12ൽ നിന്ന് അഞ്ചിലേയ്‌ക്ക് താഴ്‌ത്തി. ഈ നടപടി റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്ക് വൻ കുതിപ്പ് നൽകും. ഫ്ലാറ്റുകൾക്ക് വില കുറയാനും ജി.എ.സ്ടി കൗൺസിലിന്റെ ഈ നടപടി ഇടയാക്കും.

അതേസമയം, ബി.ജെ.പി രാഷ്ട്രീയ താൽപര്യത്തിനായി ജി.എസ്.ടി കൗൺസിലിനെ ഉപയോഗിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ലോട്ടറി നികുതിയുടെ ഘടനയെ തന്നെ അട്ടിമറിക്കാനാണ് ശ്രമമെന്നും ഇതിനെ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചോദ്യം ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.