മോസ്കോ: ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട് ടെന്നീസിൽ നിന്ന് പുറത്തായ മുൻ ഒന്നാംനമ്പർ താരം മരിയ ഷറപ്പോവയ്ക്ക് പണിപതിനെട്ടും പയറ്റിയിട്ടും കളിയിലേക്ക് തിരിച്ചുവരാനാവുന്നില്ല. കഠിനപരിശീലനം കഴിഞ്ഞാണ് വിലക്കിനുശേഷമുള്ള ആദ്യമത്സരത്തിനെത്തിയത്. പക്ഷേ, പച്ചതൊട്ടില്ല. പിന്നെയും ഒന്നുരണ്ട് മത്സരങ്ങളിൽ കൂടി പയറ്റിനോക്കിയെങ്കിലും കാര്യമായി ഒന്നുംചെയ്യാനായില്ല.
ഒടുവിൽ ആസ്ട്രേലിയൻ ഒാപ്പണിലൂടെ വിമർശകരുടെ വായടപ്പിക്കാനായി ശ്രമം. പക്ഷേ, തുടയിലെ പരിക്ക് വില്ലനായി. കളിക്കാനാവില്ലെന്ന് ഏറക്കുറെ ഉറപ്പിച്ച മട്ടാണ്. എങ്കിലും മെൽബണിൽ നിന്ന് മടങ്ങാൻ താരം കൂട്ടാക്കിയിട്ടില്ല. അവിടെത്തെ തെരുവുകളിൽ കറങ്ങിനടക്കുകയാണ് മരിയയുടെ ഇപ്പോഴത്തെ ഹോബിയെന്നാണ് കേൾക്കുന്നത്. വെറുതേ കറങ്ങിനടക്കൽ മാത്രമല്ല, പടം പിടിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുകയും ചെയ്യും. ഇൻസ്റ്റാഗ്രാം ഇല്ലെങ്കിൽ താനില്ലെന്ന് മരിയയ്ക്ക് നന്നായി അറിയാം. പടം പോസ്റ്റിയാണ് ആരാധകരെ ഒരുതരത്തിൽ നിലനിറുത്തിക്കൊണ്ടുപോകുന്നത്.
തെരുവിൽ അലയുന്നതിനിടെ കാമുകൻ അലക്സാണ്ടർ ഗിൽക്സ് അടുത്തില്ലാത്തതാണ് മരിയയെ ഇപ്പോൾ ഏറെ വേദനിപ്പിക്കുന്നത്. വിരഹം വല്ലാത്തൊരു അവസ്ഥയെന്നാണ് മരിയ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. ദമ്പതികൾ ഒന്നിച്ചുപോകുന്നത് കാണുമ്പോഴാണ് ഹൃദയവേദന കടുക്കുന്നത്. അവരോട് അസൂയതോന്നും. പക്ഷേ, എന്തുചെയ്യാൻ പുള്ളിക്കാരൻ ജോലിക്കാര്യവുമായി അന്യനാട്ടിലാണ്. അധികംവൈകാതെ വിരഹപ്രശ്നത്തിന് പരിഹാരം ഉണ്ടാവുമെന്നാണ് മരിയയുടെ പ്രതീക്ഷ.
ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട് പുറത്താകുന്നതുവരെ ടെന്നീസിലും മോഡലിംഗിലും കത്തിനിൽക്കുകയായിരുന്നു മരിയ ഷറപ്പോവ.ഇപ്പോൾ മോഡലിംഗാണ് പ്രധാനം. വരുമാന മാർഗവും ഇതുതന്നെ. പക്ഷേ, പഴയതുപോലെ അത്രയ്ക്ക് അവസരങ്ങൾ കിട്ടുന്നില്ല. ഇൗ നിലയ്ക്കാണ് മുന്നോട്ടുപോക്കെങ്കിൽ അധികനാൾ കഴിയുംമുമ്പ് കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് താരത്തിന് നന്നായി അറിയാം.