ബംഗളൂരു: വെളുത്തുതുടുത്തനിറവും ചുമന്നുരുണ്ട കണ്ണുകളും. ഏതെങ്കിലും ഹോളിവുഡ് നടനെക്കുറിച്ചാണ് പറയാൻപോകുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ബംഗളൂരുവിൽനിന്ന് കണ്ടെത്തിയ ഒരു രാജവെമ്പാലയാണ് ആ കക്ഷി! അപൂർവമായി മാത്രം പാമ്പുകൾക്ക് സംഭവിക്കുന്ന ആൽബിനോ എന്ന അവസ്ഥയാണ് ഈ രാജവെമ്പാലയുടെ വെളുത്ത നിറത്തിനു പിന്നിൽ.
ബംഗളൂരുവിലെ മതിക്കേരിമേഖലയിൽനിന്നാണ് പാമ്പ് പിടുത്തവിദഗ്ദ്ധരായവരുടെ കണ്ണിൽ ഈ അപൂർവസുന്ദരൻ പെടുന്നത്. ഇന്ത്യയിൽത്തന്നെ ഇത്തരമൊരു പാമ്പിനെ കണ്ടെത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുത്ത നിറമുള്ളവരാക്കി മാറ്റുന്നത്. സസ്തനികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഉരഗ വർഗങ്ങളിൽ അപൂർവമായി മാത്രമാണ് ആൽബനിസം ബാധിച്ചവയെ കണ്ടെത്താൻ കഴിയുന്നത്.