petta-movie

തിരുവനന്തപുരം:ഇന്ന് റിലീസ് ചെയ്‌ത രജനീകാന്ത് ചിത്രം പേട്ടയുടെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ. കുപ്രസിദ്ധ പൈറസി വെബ്‌സൈറ്റായ തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തത്. ഒരു തിയേറ്ററിൽ നിന്നും പകർത്തിയ സിനിമയുടെ എച്.ഡി ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ചിത്രം അപ്‌ലോഡ് ചെയ്‌തത്. ചിത്രം സൈറ്റിൽ നിന്നും നീക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തിയേറ്റുറകളിൽ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. പാ രഞ്ജിത് ഒരുക്കിയ കാലാ, ഷങ്കർ ചിത്രം എന്തിരൻ 2.0 എന്നിവയ്ക്കുശേഷം സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രമാമ് പേട്ട. കഴിഞ്ഞ മാസം 12ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് തന്നെ വൻ ആരാധക വരവേല്പായിരുന്നു ലഭിച്ചത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ 1.2 കോടിയലധികം ആളുകളാണ് ട്രെയിലർ കണ്ടത്. മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി, പ്രശസ്ത തമിഴ് നടന്മാരായ ബോബി സിൻഹ, ശശികുമാർ, നായികമാരായി സിമ്രാൻ, തൃഷ എന്നിങ്ങനെ വൻതാര നിരയാണ് പൊങ്കൽ ചിത്രമായ പേട്ടയിലുള്ളത്.

ചിത്രത്തിൽ കാളിയെന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. നെഗറ്റീവ് റോളിലാണ് വിജയ് സേതുപതി എത്തുന്നത്. കാർത്തിക് സുബ്ബരാജാണ് ഈ മാസ് ആക്ഷൻ ചിത്രത്തിന്റെ സംവിധായകൻ. കാർത്തിക് തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പേട്ട മ്യൂസിക് ആൽബം ഓൾ ഇന്ത്യ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് മ്യൂസിക് ആൽബം ആയി മാറിയിരുന്നു. തിരു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്‌നും ആണ്. പൃഥ്വിരാജിനൊപ്പം പ്രമുഖ മലയാള സിനിമ നിർമ്മാണ കമ്പനിയായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിമും ചേർന്നാണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്. നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് തമിഴിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്