ദുബായ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രവാസി മനസിലേക്ക് കടന്ന് കയറാനുള്ള നിർണായക നീക്കവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ സമൂഹത്തെ കാണാൻ നാളെ യു.എ.ഇയിലെത്തുന്ന രാഹുൽ രണ്ട് ദിവസം രാജ്യത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ രാഹുൽ അവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് കോൺഗ്രസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
എന്നാൽ ഈ വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയാണ് രാഷ്ട്രീയ ലോകത്ത് ചർച്ചയാകുന്നത്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പ്രദർശിപ്പിച്ചു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോയായിരുന്നു അത്. എന്നാൽ ഈ വീഡിയോയുടെ പിന്നിലെ സത്യം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ബിയുഗോ എന്ന വിഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ വഴി നിർമിച്ചതാണിത്. വീഡിയോയുടെ മുകളിൽ ആപ്പിന്റെ ചിത്രം വ്യക്തമായിക്കാണാം. ബുർജ് ഖലീഫയുടെ ട്വിറ്റർ അക്കൗണ്ടിലും ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടില്ല. ബുർജ് ഖലീഫയിൽ ഇതിനുമുമ്പ് മഹാത്മാഗാന്ധിയുട ചിത്രം മാത്രമാണ് പ്രദർശിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽഗാന്ധി യു.എ.ഇയിൽ എത്തുന്നത്. രാഹുലിന്റെ ആദ്യ യു.എ.ഇ സന്ദർശനം കൂടയാണിത്.
വീഡിയോ