ലക്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഗോവധ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്രിൽ. യുവമോർച്ച നേതാവായ ഷിക്കർ അഗർവാളാണ് ഇന്നലെ രാവിലെ ഹാപുരിൽ അറസ്റ്റിലായത്. ഇയാളെ വൈകിട്ട് കോടതിയിൽ ഹാജരാക്കി. തിരിച്ചറിയാവുന്ന 27 പേർക്കെതിരെയും മറ്റ് 60 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ചത്ത പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഡിസംബർ മൂന്നിന് ബുലന്ദ്ഷഹർ ജില്ലയിലെ സിയാനയിൽ ആൾക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാനെത്തിയ എസ്.ഐ സുബോധ് കുമാർ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബജ്റംഗ് ദൾ നേതാവ് യോഗേഷ് രാജിനെ ജനുവരി മൂന്നിന് അറസ്റ്റുചെയ്തിരുന്നു.
കരസേന ഉദ്യോഗസ്ഥൻ ജിതേന്ദർ മാലിക് അടക്കം കേസിൽ ഇതുവരെ 35 പേരെ അറസ്റ്രു ചെയ്തു.