ന്യൂഡൽഹി:സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കാനാവില്ലെന്നും സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധി സേനയിൽ നടപ്പാക്കാനാവില്ലെന്നും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.കരസേനാ മേധാവി നടത്തുന്ന വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വവർഗ രതി ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ബിപിൻ റാവത്ത് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യൻ സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കില്ല. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് സ്വന്തം നിയമമുണ്ട്. രാജ്യത്തിന്റെ നിയമത്തിന് അതീതമൊന്നുമല്ല സൈന്യം. പക്ഷേ, ഭരണഘടന സൈന്യത്തിന് കുറച്ചൊക്കെ സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഒരാൾ സൈന്യത്തിൽ ചേരുമ്പോൾ ഒരു പൗരന് സാധാരണ കിട്ടുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളിൽ സൈന്യം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യൻ സൈന്യത്തിന് പാശ്‌ചാത്യ സംസ്‌കാരമല്ല ഉള്ളത്. സ്വവർഗ രതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൈന്യത്തിന് സ്വീകാര്യമല്ല. ഇത്തരം കാര്യങ്ങളിൽ സൈന്യം വളരെ യാഥാസ്ഥിതികമാണന്നും ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.
ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐ പി സി 377-ാം വകുപ്പ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ സെപ്തംബറിലാണ് ഭാഗികമായി റദ്ദാക്കിയത്.
സേനാ നിയമം
1950ലെ സേനാനിയമത്തിലെ സെക്‌ഷൻ 45, 46 ( എ ) വകുപ്പുകളിൽ സൈന്യത്തിലെ അസ്വാഭാവിക പെരുമാറ്റങ്ങളെ പറ്റി പറയുന്നുണ്ട്. അന്തസില്ലാത്തതും ക്രൂരവും പ്രകൃതിക്ക് നിരക്കാത്തതുമായ പ്രവൃത്തികൾക്ക് ഉദ്യോഗസ്ഥരെ കോർട്ട് മാർഷലിന് വിധേയരാക്കാമെന്നും ഏഴ് വർഷം വരെ ജയിൽ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് ഇവയെന്നും പറയുന്നുണ്ട്. സദാചാര ലംഘനം പൊറുക്കില്ലെന്ന് ജനറൽ റാവത്ത് അടുത്തിടെ ഓഫീസർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.