bank

 കിട്ടാക്കടം തിരിച്ചു പിടിക്കാൻ കർശന നടപടിയെടുക്കും

കൊച്ചി: കിട്ടാക്കടം തിരിച്ചു പിടിക്കാനായി മാത്രം സിൻഡിക്കേറ്റ് ബാങ്ക് 1,200 ഓഫീസുകൾ തുറന്നുവെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ്. കൃഷ്‌ണൻ പറഞ്ഞു. കിട്ടാക്കടം വർദ്ധിക്കുന്നത് ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വ്യവസായ, കാർഷിക മേഖലകളിലും കിട്ടാക്കടം പെരുകുകയാണ്. കാർഷിക കടം എഴുതിത്തള്ളുന്ന സംസ്ഥാന സർക്കാരുടെ നടപടി ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ, അത് റിക്കവറിയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇനി ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിൽ, മൂന്ന് ബാങ്കുകളുടെ ലയനം പൂർത്തിയായ ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ കൂടുതൽ ലയനത്തിന് സാദ്ധ്യതയുള്ളൂ. എംപ്ലോയീ സ്‌റ്രോക്ക് പർച്ചേസ് സ്‌കീം (ഇ.എസ്.പി.എസ്) പ്രകാരം ജീവനക്കാർക്ക് 30 കോടി ഓഹരികൾ നൽകി 500 കോടി രൂപ സമാഹരിക്കാൻ ബാങ്കിന് പദ്ധതിയുണ്ട്. എം.എസ്.എം.ഇ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗ‌മായി വനിതാ സംരംഭകർക്ക് പത്തുലക്ഷം രൂപവരെ ക്രെഡിറ്ര് നൽകുമെന്നും അദ്ദേഹം പറഞ്ഞു.