പത്തനംതിട്ട : ശബരിമലയിലെ .യുവതീപ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധപരിപാടികളിൽ പങ്കെടുത്തവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനാവില്ലെന്ന് പൊലീസ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് ഇതുസംബ
ന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമല വിഷയത്തിൽ നടന്ന പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത പന്തളം കൊട്ടാര പ്രതിനിധികൾക്കും ഘോഷയാത്രയെ അനുഗമിക്കാനാവാതെ വരുമെന്ന് ആശങ്കയുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരെയാണ് തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് വിലക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഉത്തരവ് ദേവസ്വം ബോർഡിന് കൈമാറിയിട്ടുണ്ട്. ശബരിമല വിധിക്കെതിരെ പത്തനംതിട്ടയിലടക്കം സംസ്ഥാനത്ത് നടന്ന സമര പരിപാടികളിൽ പങ്കെടുത്തവർക്കും മറ്റ് കേസുകളുള്ളവർക്കും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാനാകില്ലെന്ന് ഉത്തരവിൽ പറയുന്നു.
യുവതീപ്രവേശന വിധിക്കെതിരെ ശബരില കർമസമിതി സംസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പജ്യോതിയിൽ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കേണ്ട പന്തളം രാജപ്രതിനിധി രാഘവ വർമയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.
മറ്റു പ്രതിഷേധ പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്.
എന്നാൽ ഉത്തരവിൽ പുതുമയൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. മുൻവർഷങ്ങളിലും പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തിരുവാഭരണ ഘോഷയാത്രയ്ക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
മൂന്ന് ഘട്ടമായാണ് തിരുവാഭരണ ഘോഷയാത്ര പോകുന്നത്. തിരുവാഭരണം വഹിച്ച് ഒരു സംഘം, രാജപ്രതിനിധിയുമായി പല്ലക്ക് വഹിച്ച് മറ്റൊരു സംഘം, ഒപ്പം ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ സംഘം എന്നിങ്ങനെ മൂന്ന് സംഘമായാണ് തിരുവാഭരണ ഘോഷയാത്ര നടക്കുന്നത്. മൂന്നാമത്തെ സംഘത്തിൽ കോടതിവിധിക്കെതിരെ സജീവമായി പ്രതിഷേധിച്ചവർ ഉണ്ടാകാൻ പാടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.