mg

കൊച്ചി: പ്രമുഖ ബ്രിട്ടീഷ് ഓട്ടോമൊബൈൽ ബ്രാൻഡായ എം.ജി. മോട്ടോർ കരുത്തുറ്റ എസ്.യു.വിയുമായി ഇന്ത്യൻ മണ്ണിൽ ചുവടുവയ്‌ക്കുന്നു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലിന് 'ഹെക്‌ടർ" എന്ന് പേര് നൽകിയിരുന്നു. 2019ന്റെ ആദ്യ പകുതിയിൽ തന്നെ ഹെക്‌ടർ വിപണിയിലെത്തും.

1930കളിൽ റോയൽ എയർഫോഴ്‌സ് ഉപയോഗിച്ചിരുന്ന റോയൽ ഹെക്‌ടർ ബൈ പ്ലെയിനിനോടുള്ള ആദരസൂചകമായാണ് ഇന്ത്യയിലെ ആദ്യ മോഡലിന് ഹെക്‌ടർ എന്ന പേര് നൽകിയതെന്ന് എം.ജി. മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ രാജീവ് ഛാബ പറഞ്ഞു. ഗുജറാത്തിലെ ഹാലോലിലാണ് കമ്പനിയുടെ നിർമ്മാണ പ്ളാന്റ്. പൂർണമായും ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായാകും ഹെക്‌ടറിന്റെ നിർമ്മാണം. മേയ് മാസത്തോടെ 100 സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിന്റുകളും സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 75 ശതമാനം പ്രാദേശികവത്കരണം വഴി, മികച്ച സ്വീകാര്യതയുള്ള പ്രീമിയം എസ്.യു.വി വിഭാഗത്തിലേക്കും കമ്പനി വൈകാതെ ചുവടുവയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു.