ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ്മയെ നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ സമിതി യോഗമാണ് അലോക് വർമയെ മാറ്റാനുള്ള തീരുമാനം എടുത്തത്. പ്രധാനമന്ത്രിക്കു പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ.കെ.സിക്രി , കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അലോക് വർമ്മയെ മാറ്റാനുള്ള മോദിയുടെ നിർദേശത്തോട് എ.കെ. സിക്രി അനുകൂലിച്ചു. മല്ലികാർജുന ഖർഗെയുടെ വിയോജിപ്പ് തള്ളിയാണ് തീരുമാനം സമിതി അംഗീകരിച്ചത്.
അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് സുപ്രിംകോടതി തിരികെ നിയമിച്ചിരുന്നു. എന്നാൽ സെലക്ഷൻ സമിതി ചേർന്ന് തീരുമാനമെടുക്കണമെന്ന് സുപ്രികോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ സമിതി യോഗം ചേർന്നത്.
സുപ്രീംകോടതി നിർദേശപ്രകാരം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണു യോഗം ചേരുന്നത്. ബുധനാഴ്ച ചേർന്ന യോഗം തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്.