മാനന്തവാടി: സഭയിലെ പൗരോഹിത്യത്തിന്റെ തെറ്റുകൾ മറച്ചുവയ്ക്കാൻ തന്നെ കരുവാക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു. ക്രൈസ്തവസഭയിൽ പുരുഷമേധാവിത്തമാണ് നിലനിൽക്കുന്നത്. താൻ ചെയ്തത് ശരി എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.
"സഭയിൽ കണ്ടുമുട്ടിയതിൽ വളരെ കുറച്ച് പുരോഹിതന്മാരേ ബ്രഹ്മചര്യവ്രതം പാലിക്കുന്നുള്ളു. റോബിനെ രക്ഷിക്കാൻ അമ്മയുടെ അടുത്തുനിന്ന് റോബിന്റെ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിയിലാണ് കടത്തിക്കൊണ്ട് പോയത്. ഇവയൊന്നും സഭയ്ക്ക് പ്രശ്നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, ഞാൻ കന്യാസ്ത്രീകൾക്കെതിരാണെന്ന് പറഞ്ഞാൽ പറഞ്ഞയാൾ അവിടെത്തന്നെ ഇരിക്കുകയേയുള്ളൂ.

മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ഞാൻ ജീവിക്കുന്നത്. അച്ചടക്കലംഘനം നടത്തിയിട്ടില്ല. പിതാക്കന്മാരുടെ തെറ്റുകൾക്ക് എന്നെ ബലിയാടാക്കുകയാണ്. എനിക്കെതിരെ ഒരു മാദ്ധ്യമത്തിൽ മുഖപ്രസംഗമെഴുതിയ പുരോഹിതൻ കുറച്ച് കാലങ്ങളായി സമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യക്തിപരമായ അപമാനം നടത്തിക്കൊണ്ടിരിക്കുന്നു. സഭയ്ക്കും സഭയുടെ പൗരോഹിത്യത്തിനും സന്യാസത്തിനും എതിരായ തെറ്റുകൾ ചെയ്തുകൊണ്ട് ജീവിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും സഭയിലുണ്ട്. അവരെയൊക്കെ സുഖമായി ഉറക്കിക്കിടത്തി ശരിയായി ജീവിക്കുന്ന എന്നെ, ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ, യാത്രാസൗകര്യത്തിനായി ഒരു വണ്ടിയെടുത്തതിന്റെ പേരിലോ ഇതെല്ലാം നിയമ ലംഘനമാണെന്ന് ആക്രോശിച്ച് വധിക്കാൻ നോക്കിയാൽ ഞാൻ മരിച്ചു വീഴില്ല."- സിസ്റ്റർ ലൂസി പറഞ്ഞു.

പുരോഹിതന്മാർക്ക് ബ്രഹ്മചര്യം വേണ്ടെന്നു പറയുന്നവർ വരെ സഭയിലുണ്ട്.

പെട്ടെന്ന് മദർ ജനറാളിന് മറുപടികൊടുക്കാൻ ശാരീരിക പ്രശ്നങ്ങൾ അനുവദിക്കുന്നില്ല. സഭയിൽ തെറ്റുകളൊരുപാട് നടക്കുന്നുണ്ട്. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതന്മാർക്ക് ചുരിദാർ ഇടുന്നത് തെറ്റാണ്. ഒരു പ്രോവിൻസ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഒാർക്കണമെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു.