nepal-

കാഠ്‌മണ്ടു: ആർത്തവത്തിന്റെ പേരിൽ മാറ്റിനിറുത്തപ്പെടുന്ന സ്ത്രീകളുടെ ദുരിതത്തിലേക്ക് നേപ്പാളിൽ നിന്ന് ഒരു ദുഃഖചിത്രം കൂടി. . ആർത്തവ ദിവസം വീടിന് പുറത്തുകിടത്തിയ അമ്മയെയും മക്കളെയും മരിച്ച നിലയിലാണ് കണ്ടെത്തി. നേപ്പാളിലെ ബജുരായിയിലാണ് സംഭവം നടന്നത്.

അംബ ബൊഹ്റ എന്ന മുപ്പത്തിയഞ്ചുകാരിയെയാണ് ആർത്തവമായതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ വീടിനോട് ചേർന്നുള്ള ചെറുകുടിലിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇവരോടൊപ്പം 9ഉം 12ഉം വയസുള്ള രണ്ട് ആൺമക്കളും ഉണ്ടായിരുന്നു.

ജനലില്ലാത്ത ഒരു വാതിൽ മാത്രമുളള ഒറ്റ മുറിയായിരുന്നു ഇത്. കൊടുംതണുപ്പു കാരണം അമ്മയും മക്കളും വീടിന് അകത്ത് തീകൂട്ടി കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ മുറിയിൽ മുഴുവൻ പുക നിറഞ്ഞ് ശ്വാസംമുട്ടിയായിരുന്നു മരണം. ഓക്സിജൻ കിട്ടാതെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചത്. അംബ ബൊഹ്റ പുതച്ചിരുന്ന പുതപ്പ് പാതി കത്തിയ നിലയിലാണ്. കാലിന് പൊളളലേറ്റ പാടുമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകൂ.

നേപ്പാളിൽ പല ഗ്രാമങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകളെ വീടിന് അകത്ത് കിടത്താറില്ല. ഇവർക്ക് കിടക്കാനായി വീടിനോട് ചേർന്ന് ചെറിയ ചൗപദ് എന്ന ഒറ്റ മുറി നിർമ്മിക്കാറുണ്ട്.