rahul-gandhi-

ദുബായ്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇ സന്ദർശനത്തിനായി ദുബായിലെത്തി. ദുബായ് വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവാസികളും കോൺഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവാസികളുമായി സംവദിക്കാനാണ് രാഹുൽ ഗാന്ധി യു.എ.ഇയിലെത്തിയത് വെള്ളിയാഴ്ച വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. പ്രവാസി തൊഴിലാളികൾ, വ്യവസായികൾ, വിദ്യാർഥികൾ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. രണ്ടുദിവസത്തെ സന്ദർശനം വിജയിപ്പിക്കാൻ കേരളത്തിൽ നിന്നടക്കം നേതാക്കൾ യു.എ.ഇയിലെത്തിയിട്ടുണ്ട്.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി. വേണുഗോപാൽ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്നിവരും പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്ന് നേതാക്കൾ അറിയിച്ചു.

കെ.പി.സി.സി പ്രചരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആന്റോ ആന്റണി തുടങ്ങിയവർ പ്രചരണത്തിൻറെ ഭാഗമായി യു.എ.യിലെത്തി.

കെ.എം.സി.സി പ്രവർത്തകരും സജീവമായി രംഗത്തുണ്ട്. ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ രാഹുൽ മുഖ്യാതിഥിയായിരിക്കും. തൊഴിലാളികളുടെ ക്യാംപ് സന്ദർശനം, വിദ്യാർഥികളുമായുള്ള സംവാദം, അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമാണ്.